കൊച്ചി: പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ഹിന്ദുസ്ഥാന്‍ മെഷീന് ടൂള്‍സ് (എച്ച്എംടി) ലിമിറ്റഡിനെ പഴയ പ്രൗഢിയിലേക്ക് കൊണ്ടുവരുന്നതിനുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി. കളമശേരി എച്ച്എംടി യൂണിറ്റ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച്എംടിയുടെ പുനരുദ്ധാരണ പദ്ധതികള്‍ പഠിച്ച് തയാറാക്കുന്ന സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കും.
കമ്പനിയുടെ പൂര്‍വകാല പ്രശസ്തി വീണ്ടെടുക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കും. നിലവിലുള്ള പ്രതിസന്ധികള്‍ ഇതോടെ പരിഹരിക്കപ്പെടും. ജീവനക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിരമിച്ച ജീവനക്കാര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം എച്ച്എംടിയെ ആശ്രയിക്കുന്നുണ്ടെന്നും അവരെയൊക്കെ പരിഗണിച്ചുകൊണ്ടായിരിക്കും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയെന്നും സ്ഥാപനത്തെ സ്വകാര്യവത്കരിക്കാനുള്ള നീക്കമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എച്ച്എംടിയുടെ 5 യൂണിറ്റുകളില്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക യൂണിറ്റാണ് കളമശേരിയിലേത്. 3000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന കളമശേരി യൂണിറ്റില്‍ ഇപ്പോള്‍ 125 സ്ഥിരം തൊഴിലാളികളും 300ഓളം കോണ്‍ട്രാക്ട് തൊഴിലാളികളും ആണ് ജോലി ചെയ്യുന്നത്.
കേന്ദ്രമന്ത്രിക്ക് ജീവനക്കാരും ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി നിവേദനം കൈമാറി. മന്ത്രി പി. രാജീവ്, എംപി ഹൈബി ഈഡന്, മുന്‍ എംപി കെ. ചന്ദ്രന് പിള്ള, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എച്ച്എംടി ജനറല്‍ മാനേജര്‍ എം.ആര്.വി. രാജ, ഡിജിഎം മോഹന്‍കുമാര്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം
എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: