മയോര്‍ക: സ്പാനിഷ് ലാ ലിഗയിലെ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് സമനില വഴങ്ങി. ലീഗില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അരങ്ങേറ്റമത്സരം കൂടിയായിരുന്നു. മയോര്‍ക്കയോട് അവരുടെ തട്ടകത്തിലാണ് റയല്‍ സമനിലയില്‍ പിരിഞ്ഞത്.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 13-ാം മിനിറ്റില്‍ റോഡ്രിഗോ നേടിയ ഗോളില്‍ റയല്‍ മുന്നിലെത്തി. ആദ്യ പകുതി ആധിപത്യം പുലര്‍ത്തിയ ചാമ്പ്യന്മാര് രണ്ടാം പകുതിയ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴേക്കും സമനില ഗോള്‍ വഴങ്ങി. മയോര്ക്കയ്ക്കുവേണ്ടി വെഡാറ്റ് മുറിഖി ആണ് 53-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയത്. മത്സരം അവസാനിക്കാറായപ്പോള്‍ 90+7-ാം മിനിറ്റില്‍ റയല്‍ പ്രതിരോധ ഭടന് ഫെര്‍ലാന്‍ഡ് മെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന സൂപ്പര്‍ കപ്പിലാണ് എംബാപ്പെ റയലിന് വേണ്ടി ആദ്യമത്സരം കളിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് റയല്‍ കിരീടം ചൂടിയ മത്സരത്തിലെ രണ്ടാം ഗോള്‍ എംബാപ്പെയുടെ വകയായിരുന്നു. കരിയറില്‍ ആദ്യമായാണ് എംബാപ്പെ ഫ്രാന്‍സിന് പുറത്തൊരു ടീമിന് വേണ്ടി കളിക്കുന്നത്. ഏതാനും വര്‍ഷങ്ങളോളം പാരിസ് സെന്റ് ജെര്‍മെയ്നില്‍(പിഎസ്ജി) കളിച്ച എംബാപ്പെ കരിയര്‍ ആരംഭിച്ചത് മറ്റൊരു ഫ്രഞ്ച് ക്ലബ്ബ് മോണാക്കോയില്‍ നിന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: