ഗുവാഹത്തി: ബംഗാളിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും സംരക്ഷണം ഉറപ്പു വരുത്തുന്നതിന് നിയമനടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുൻകൈയെടുക്കുമെന്ന് ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് ഗുവാഹത്തിയിൽ അറിയിച്ചു.
കൊൽക്കത്ത ആർ. ജീ കാർ മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആസ്സാമിൽ പ്രതിഷേധ സമരം നടത്തുന്ന ഡോക്ടർമാർ ഗുവാഹത്തിയിലെത്തി ബംഗാൾ ഗവർണറെ നേരിൽ കണ്ട് അവരുടെ ആവലാതി അറിയിച്ച വേളയിലാണ് അദ്ദേഹം ഈ ഉറപ്പുനൽകിയത്.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായി ബംഗാൾ ഗവർണർ ആനന്ദബോസ് ഗുവാഹത്തിയിലെ രാജ്ഭവനിൽ ചർച്ച നടത്തി. അതിർത്തിക്കപ്പുറം ഉണ്ടായ സംഭവവികാസങ്ങളും, ബംഗാളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധവും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി.
പ്രതിഷേധസമരം നടത്തുന്നവരുടെ ആവശ്യങ്ങളും ആവലാതികളും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഗവർണർ ഡോ ബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: