ന്യൂദല്‍ഹി: താന ഇന്റഗ്രല്‍ റിങ് മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. 2029ല്‍ പ്രവര്‍ത്തനക്ഷമമാകുന്ന പദ്ധതിയുടെ മൊത്തം ചെലവ് 12,200 കോടി രൂപയാണ്. 22 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന റിങ് ഇടനാഴിയുടെ ആകെ ദൈര്‍ഘ്യം 29 കിലോമീറ്ററാണ്. ഇതില്‍ 26 കിലോമീറ്റര്‍ ആകാശപാതയും മൂന്ന് കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമാണ്.
ബെഗളൂരു മെട്രോ റെയില്‍ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ 31 സ്റ്റേഷനുകളും 44.65 കിലോമീറ്റര്‍ നീളവുമുള്ള രണ്ട് ഇട നാഴികള്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി.
2029ല്‍ പ്രവര്‍ത്തനക്ഷമമാകുന്ന മൂന്നാം ഘട്ടത്തിന്റെ മൊത്തം പദ്ധതിപൂര്‍ത്തീകരണ ചെലവ് 15,611 കോടി രൂപയാണ്. പൂനെ മെട്രോയുടെ ഒന്നാം ഘട്ടം തെക്ക് സ്വര്‍ഗേറ്റ് മുതല്‍ കത്രാജ് വരെ 5.46 കിലോമീറ്റര്‍ നീളത്തില്‍ നീട്ടുന്നതിനും അംഗീകാരമായി. പദ്ധതിയുടെ ആകെ പൂര്ത്തീകരണച്ചെലവ് 2954.53 കോടി രൂപയാണ്. 2029 ഓടെ പ്രവര്‍ത്തനക്ഷമമാകും.
ബംഗാളിലെ സിലിഗുരിയിലുള്ള ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ 1549 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശവും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചു. പട്നയിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശവും യോഗം അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: