ന്യൂഡല്‍ഹി: ജോലി തട്ടിപ്പിന് ഇരയായി കമ്പോഡിയയില്‍ കുടുങ്ങിയത് മലയാളികള്‍ ഉള്‍പ്പെടെ 372 ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം. കമ്പോഡിയ സര്‍ക്കാരിന്റെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍. ആറ് മലയാളികളെ എംബസി കഴിഞ്ഞയാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇവരെ കൂടുതലായി ഉപയോഗിക്കുന്നത് . തട്ടിപ്പുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ ചിലര്‍ വഴിയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ഇവരെ റിക്രൂട്ടു ചെയ്തത്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ആളുകളെ പറ്റിച്ച് പണം വാങ്ങുകയാണ് ജോലിയെന്ന് അവിടെ ചെന്നശേഷമാണ് വ്യക്തമായത്. കമ്പനി നിര്‍മ്മിച്ചു നല്‍കുന്ന വ്യാജ പ്രൊഫൈല്‍ വഴി ചാറ്റിലൂടെ പ്രലോഭിപ്പിച്ച് കമ്പനിയിലേക്ക് പണം നിക്ഷേപിപ്പിക്കുകയാണ് ജോലി. പലരും ജോലി ഉപേക്ഷിച്ച് തിരിച്ചുപോരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എതിര്‍ത്താല്‍ മര്‍ദ്ദിക്കുമായിരുന്നെന്നും തിരികെ എത്തിയവര്‍ പറയുന്നു, ചൈന ആസ്ഥാനമായ ഒരു കമ്പനിയില്‍ ഉണ്ടായിരുന്ന 38 മലയാളികളില്‍ ആറു പേരെയാണ് എംബസി ഇടപെട്ട്‌നാട്ടിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: