ഭാരതത്തിലെ ഋഷികള്‍ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ നിലനില്‍പ്പിനെക്കുറിച്ചും വെറും കെട്ടുകഥകള്‍ മെനഞ്ഞവരല്ലായിരുന്നു. യുക്തിഭദ്രവും ശാസ്ത്രസമ്മതവുമായ സത്യങ്ങള്‍ ദര്‍ശിച്ചവരായിരുന്നു. ദര്‍ശിച്ച സത്യങ്ങള്‍ അവര്‍ പ്രകടിപ്പിച്ചത് സാഹിത്യത്തിലൂടെയാണ്. പുരാതന ഭാരതീയ സമൂഹത്തിലും മനുഷ്യരുടെ സാംസ്‌കാരിക നിലവാരവും വ്യവഹാരങ്ങളും പ്രകടമായത് കലാസാഹിത്യത്തിലൂടെയായിരുന്നു. കണ്ടറിഞ്ഞ സത്യങ്ങള്‍ കാവ്യത്തിലൂടെയും കഥകളിലൂടെയും പ്രകാശിപ്പിച്ച ഋഷികള്‍ സാധാരണ സാഹിത്യകാരന്മാരായിരുന്നില്ല, തത്ത്വദര്‍ശികളായിരുന്നു. ഇതിഹാസങ്ങളാകുന്ന രാമായണത്തിലും മഹാഭാരതത്തിലും ചരിത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഇവയുടെ രചയിതാക്കള്‍ സാധാരണ ചരിത്രകാരന്മാരായിരുന്നില്ല. ക്രാന്തദര്‍ശികളായിരുന്ന അവരുടെ കൃതികളെ ലൗകികതയുടെയും അലൗകികതയുടെയും സമ്മിശ്രരൂപമായിട്ടാണ് കാണേണ്ടത്. കവികളായിരുന്ന ഋഷികള്‍ അനുഭവിച്ചറിഞ്ഞ സത്യങ്ങള്‍ക്ക് ഭാവനയുടെ വര്‍ണച്ചിറകുകള്‍ നല്‍കി സഹൃദയമനസ്സുകളെ ആകര്‍ഷിക്കുകയും, അതുവഴി തത്ത്വബോധം പകരുകയും ചെയ്തു. അവതാരപുരുഷന്മാരുടെ അത്ഭുത കര്‍മങ്ങള്‍ ഉള്‍പ്പെടുന്ന ചരിത്രകഥകളാണല്ലോ ഇതിഹാസങ്ങളിലെ ഉള്ളടക്കം. ദൃശ്യപ്രപഞ്ചത്തിലെ ഏത് പ്രതിഭാസമായാലും അത് അദൃശ്യ പ്രപഞ്ചത്തിന്റെ അഥവാ സൂക്ഷ്മലോകത്തിന്റെ ഘടനയെ ആശ്രയിക്കുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത ശാസ്ത്രസത്യമാണ്.
ഭൗതിക ശാസ്ത്രം ‘തെളിയിച്ചുകൊണ്ടിരിക്കുന്ന’ സൂക്ഷ്മലോകത്തിലെ കാഴ്ചകള്‍ യഥാര്‍ത്ഥത്തില്‍ സൂക്ഷ്മദര്‍ശിനികളാകുന്ന ഉപകരണങ്ങളിലൂടെ ലഭ്യമാകുന്നതാണല്ലോ. നഗ്നനേത്രങ്ങളിലൂടെ കാണുന്നതാണ് ഭൗതിക യാഥാര്‍ത്ഥ്യമെന്നാണല്ലോ പൊതുവെയുള്ള ധാരണ. പക്ഷേ നഗ്നനേത്രങ്ങള്‍ക്ക് വെളിപ്പെടാത്തതും, സൂക്ഷ്മദര്‍ശിനികളിലൂടെ മാത്രം ദര്‍ശിക്കാവുന്നതുമായ കാര്യങ്ങള്‍ നമ്മള്‍ യാതൊരു മടിയും കൂടാതെ ശാസ്ത്രസത്യങ്ങളായി അംഗീകരിക്കുന്നു. വാസ്തവത്തില്‍ സൂക്ഷ്മദര്‍ശിനികള്‍ പ്രദര്‍ശിപ്പിക്കുന്നതാണോ നമ്മുടെ നഗ്നനേത്രങ്ങള്‍ ദര്‍ശിക്കുന്നതാണോ യാഥാര്‍ത്ഥ്യം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനാവില്ല. കാരണം സാങ്കേതിക വിദ്യ വികസിച്ചതും, അതിന്റെ പ്രയോജനം ലഭ്യമായിക്കൊണ്ടിരിക്കുന്നതും സൂക്ഷ്മദര്‍ശിനികള്‍ കാട്ടിത്തരുന്ന അദൃശ്യലോകത്തിന്റെ അത്ഭുതക്കാഴ്ചകളുടെ ഫലമായിട്ടാണെങ്കിലും ആ കാഴ്ചകള്‍ നമ്മുടെ സാധാരണ അനുഭവങ്ങളില്‍നിന്ന് വ്യത്യസ്തമാണ്.
പുരാതന കാലത്തെ ഋഷികളാവട്ടെ തപശ്ചര്യകളിലൂടെ സ്വന്തം മനസ്സിനെത്തന്നെ സൂക്ഷ്മദര്‍ശിനിയാക്കിയെടുത്തു. സ്വന്തം അസ്തിത്വത്തെയും ജീവനെയും പരീക്ഷണവിധേയമാക്കിക്കൊണ്ടായിരുന്നു അവരുടെ സത്യാന്വേഷണം. ദൃശ്യപ്രപഞ്ചത്തിന്റെയുള്ളില്‍ കടക്കാന്‍ അവര്‍ കണ്ട മാര്‍ഗം അന്തഃകരണം തന്നെയായിരുന്നു. അന്തഃകരണത്തെ സൂക്ഷ്മതരമായ ഉപകരണമാക്കാനായി അവര്‍ അനുഷ്ഠിച്ച സാധനകള്‍ ഭൗതിക ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങള്‍ക്ക് ഒരു ബദല്‍ മാര്‍ഗമായിരുന്നു. സ്വന്തം ഉള്ളറകളിലേക്ക് കടക്കുന്ന മാര്‍ഗമായതിനാല്‍ ഇതിനെ ആദ്ധ്യാത്മികം (‘ആത്മാ’ ശബ്ദത്തിന് സംസ്‌കൃത്തില്‍ ശരീരം, മനസ്സ്, ബുദ്ധി, ആത്യന്തിക സത്യം എന്നൊക്കെ അര്‍ത്ഥമുണ്ട്) എന്നു വിളിക്കുന്നു. ഇതിനെക്കുറിച്ച് അറിയാന്‍ യോഗ, ധ്യാനം, യമനിയമങ്ങള്‍ മുതലായവയിലൂടെ ശരീരത്തിന്റെയും അന്തഃകരണത്തിന്റെയും ദമനം കൈവരിക്കേണ്ടതുണ്ട്. ഒരാളുടെ അന്തഃകരണം സ്വാഭാവികമായി സൂക്ഷ്മദര്‍ശിനികളാണ്. പക്ഷേ സ്ഥൂലലോകത്തുനിന്ന് നിരന്തരം അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന വിഷയക്കൂമ്പാരം നിമിത്തം അത് ഭാരമുള്ള സ്ഥൂലാവസ്ഥ കൈവരിക്കുന്നു.
അന്തഃകരണത്തെ മൗനവ്രതംകൊണ്ട് വിഷയ വിമുക്തമാക്കാവുന്നതാണ്. മൗനവ്രതമെന്നാല്‍ വര്‍ത്തമാനം പറയാതിരിക്കുക എന്നതല്ല. പുറമെ സംസാരിക്കാതിരിക്കുമ്പോഴും നമ്മള്‍ ഉള്ളില്‍ സംസാരിക്കുന്നുണ്ടാവും. കാരണം വാക്ക് വ്യാകരണത്തോടുകൂടിത്തന്നെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉള്ളിലെ ഈ ഭാഷയാണ് പുറമെ വൈഖരീശബ്ദമായി പ്രത്യക്ഷപ്പെടുന്നത്. അതിനാല്‍ മൗനവ്രതത്തില്‍ പുറമെ മാത്രമല്ല അകമെയും മൗനം പാലിക്കേണ്ടതുണ്ട്. ഇത്തരം അനുഷ്ഠാനമാണ് ഒരാളെ ‘മുനി’യാക്കുന്നത്. ഇപ്രകാരമുള്ള മൗനത്തിലൂടെ അന്തഃകരണത്തെ വിഷയമുക്തമാക്കുമ്പോള്‍ മുനി യഥാര്‍ത്ഥസൂക്ഷ്മസ്വഭാവം അറിയുന്നു. ഇതിനെയാണ് ദിവ്യദൃഷ്ടിയെന്നു വിളിക്കുന്നത്. മുനിയുടെ ഈ ദിവ്യദൃഷ്ടി ഭൗതിക ശാസ്ത്രത്തിന്റെ സൂക്ഷ്മദര്‍ശിനിക്ക് സമമാകുന്നു. കാരണം അത് ദൃശ്യപ്രപഞ്ചത്തെ താങ്ങിനിര്‍ത്തുന്ന സൂക്ഷ്മതത്ത്വങ്ങളെ അനാവരണം ചെയ്യും. ഇതിനെ ത്രികാലജ്ഞാനമെന്നും പറയുന്നുണ്ട്. ദൃശ്യപ്രപഞ്ചത്തിന്റെ മൂന്നുകാലങ്ങളിലുമുള്ള അവസ്ഥകള്‍ നിര്‍ണയിക്കുന്നത് സൂക്ഷ്മലോക തത്ത്വങ്ങളുടെ ചലനവിശേഷങ്ങളാണ്.
അതിപുരാതന കാലത്ത് ഭാരതത്തിലെ ത്രികാലജ്ഞാനികള്‍ ദര്‍ശിച്ച സൂക്ഷ്മലോക വിവരങ്ങള്‍ കാവ്യങ്ങളിലൂടെയും കഥകളിലൂടെയുമാണ് പ്രകാശിപ്പിച്ചത്. സാഹിത്യത്തിലൂടെ ആവിഷ്‌കരിക്കപ്പെട്ട ഈ സിദ്ധാന്തങ്ങളില്‍ ഭാവനകളുമുണ്ട്. എന്നാല്‍ ഈ ഭാവനകള്‍ വെറും കെട്ടുകഥകളല്ല. അവയിലെ ഉള്ളടക്കമാകുന്ന തത്ത്വജ്ഞാനം ശാസ്ത്രീയ സത്യങ്ങളാണ്. ചില ഉദാഹരണങ്ങള്‍ കൊണ്ട് വരുംദിവസം ഇത് വ്യക്തമാക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: