തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല തൊഴിലാളികളുടെ സംഘടനയായ ഫാം വര്‍ക്കേഴ്‌സ് സംഘി (ബിഎംഎസ്) ന്റെ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും അലങ്കോലമാക്കാന്‍ അക്രമം അഴിച്ചുവിട്ട് ഇടതു വലത് തൊഴിലാളി സംഘടനകള്‍.
വെള്ളായണി കാര്‍ഷിക കോളേജിന്റെ ഇന്‍സ്ട്രക്ഷന്‍ ഫാമിലെ ബിഎംഎസ് അനുകൂല തൊഴിലാളി സംഘടനയായ കേരള കാര്‍ഷിക സര്‍വകലാശാല ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ (കെകെഎസ്എഫ്ഡബഌയുഎസ്) യൂണിറ്റ് സമ്മേളനത്തിനും കുടുംബസംഗമത്തിനും നേര്‍ക്കാണ് 50 ലധികം വരുന്ന സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി അനുകൂല തൊഴിലാളികള്‍ മുളങ്കമ്പുകളുമായി ആക്രമണം അഴിച്ചുവിട്ടത്. സംഭവം നടക്കുമ്പോള്‍ ബിഎംഎസ് യൂണിയനില്‍ പെട്ട വനിതാ തൊഴിലാളികളും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. അവരുടെ നേര്‍ക്കാണ് പോലീസ് നോക്കിനില്‍ക്കെ ആക്രമണം അഴിച്ചുവിട്ടത്.
വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. റോയ് സ്റ്റീഫനില്‍ നിന്ന് കാര്‍ഷിക കോളേജിലെ കല്‍മണ്ഡപത്തില്‍ വച്ച് യോഗം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍ ഡീനിന്റെ ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ടാണ് പോലീസ് സംവിധാനം മുഴുവന്‍ നോക്കിനില്‍ക്കെ ബിഎംഎസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. ആക്രമണത്തെ ചോദ്യം ചെയ്ത ഇടതുപക്ഷ സംഘടന അംഗവും കോളേജിലെ ഡ്രൈവറുമായ മഹേശ്വരനെ അക്രമികള്‍ കൃത്യനിര്‍വഹണത്തിനിടയില്‍ വളഞ്ഞിട്ടു മര്‍ദിച്ചു.
പരിക്കേറ്റ മഹേശ്വരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളായണി കാര്‍ഷിക കോളേജില്‍ ഒരു കാരണവശാലും ബിഎംഎസിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും അതിനെ എന്തുവില കൊടുത്തും തടയുമെന്നും ആക്രോശിച്ചായിരുന്നു മര്‍ദനം. സംഭവം അറിഞ്ഞെത്തിയ ബിജെപി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ. വി. ആനന്ദ് എന്നിവരെ കോളേജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു.
കോളേജിലെ സെയില്‍സ് കൗണ്ടര്‍, പോസ്റ്റ്ഓഫീസ് എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങളുമായി വന്ന പൊതുജനങ്ങളെ 3 മണി മുതല്‍ കോളേജ് ഗേറ്റില്‍ തടഞ്ഞുവെച്ച് ആക്രമണകാരികള്‍ക്ക് സെക്യൂരിറ്റി ജീവനക്കാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് കോളേജ് ഗേറ്റില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച അഡ്വ. സുരേഷ്, പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകാത്തപക്ഷം ശക്തമായ ജനകീയ പ്രതിരോധ സമരങ്ങള്‍ക്ക് കാര്‍ഷിക കോളേജ് വേദിയാകുമെന്നും മുന്നറിയിപ്പു നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: