തിരുവനന്തപുരം: ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഓണപ്പാട്ട്, ഓണത്തപ്പന്, ഓണക്കോടി, ഓണവില്ല് തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടവ. തലസ്ഥാന നഗരത്തിന്റെ ഓണാഘോഷത്തിന് നിറച്ചാര്‍ത്തേകുന്നത് ഓണവില്ല് സമര്‍പ്പണമാണ്. കരമന മേലാറന്നൂരിലെ വാണിയംമൂല മൂത്താചാരിയുടെ കുടുംബമാണ് നൂറ്റാണ്ടുകളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണവില്ല് സമര്‍പ്പിക്കുന്നത്. ബിന്‍കുമാര്‍ ആചാരിയാണ് ഇപ്പോഴത്തെ തലമുറയിലെ കാരണവര്‍.
കലയും പാരമ്പര്യവും ആചാര അനുഷ്ഠാനങ്ങളും തലമുറകളായി നിലനിര്‍ത്തിപ്പോരുന്ന ഒരു കുടുംബമാണ് ഓണവില്ല് കുടുംബം. തിരുവോണ നാളില്‍ ശ്രീപത്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പിക്കലാണ് തിരുവിതാംകൂറിലെ ഓണത്തോടനുബന്ധിച്ച് നടക്കുന്ന ശ്രദ്ധേയമായ ഒരു ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ആചാരത്തിന്. അതായത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കം. വാണിയംമൂല മൂത്താചാരി കുടുംബം തലമുറകളായി ശ്രീപത്മനാഭ സ്വാമിക്ക് സമര്‍പ്പിക്കുന്ന മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ വരച്ചുകാട്ടുന്ന ചിത്രരചനാ ശില്പമാണ് പള്ളി വില്ല് എന്ന ഓണവില്ല്. കേരളത്തില്‍ വര്‍ഷാവര്‍ഷം തന്റെ പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാന് വേണ്ടി മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ വരച്ചു കാണിക്കുന്നതിനാണ് ഓണവില്ല് ഉപയോഗിക്കുന്നത് എന്നാണ് ഓണവില്ലുമായി ബന്ധപ്പെട്ട ഐതിഹ്യം. മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമ്പോള്‍ മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം മഹാവിഷ്ണു തന്റെ വിശ്വരൂപം കാണിക്കുന്നു. പിന്നീട് ഭഗവാന്റെ വിശ്വരൂപത്തോടൊപ്പം ഉപകഥകളും അവതാരങ്ങളും എല്ലാം കാണണമെന്ന മഹാബലിയുടെ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി വിശ്വകര്‍മ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ പ്രത്യക്ഷപ്പെടുത്തി കാണിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശില്പ്പികളുടെ കുടുംബത്തില്‍പെട്ട വിശ്വകര്‍മ്മരുടെ നേതൃത്വത്തിലാണ് ഓണവില്ല് സമര്‍പ്പിക്കുന്നത്. എല്ലാ ശില്പികളും ക്ഷേത്രം പണിതതിനുശേഷം ആ ക്ഷേത്രത്തിന് ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം പണിതതിനു ശേഷം മൂത്താചാരി കുടുംബത്തിലെ അന്നത്തെ കാരണവര്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ച ഉപഹാരമാണ് ഓണവില്ല്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഓണവില്ല് സമര്‍പ്പിക്കുമായിരുന്നു. പിന്നീട് അതൊരു ആചാരമായി മാറി. വില്ല് നിര്‍മാണം ആരംഭിക്കുന്നത് മിഥുന മാസത്തിലാണ്. ഓണവില്ലുകള്‍ തയ്യാറാക്കാന്‍ കടമ്പ് അല്ലെങ്കില്‍ മഹാഗണി എന്നീ ദേവഗണത്തില്പെട്ട മരങ്ങളാണ് ഉപയോഗിക്കുന്നത്. മരം മുറിച്ച് 21 ദിവസം കഴിഞ്ഞ് പൂര്‍വികമായി നിര്‍ണയിച്ചിരിക്കുന്ന അളവ് വിധിപ്രകാരം തടിയെ പലകയായി പരുവപ്പെടുത്തിയാണ് വില്ല് നിര്‍മിക്കുന്നത്. പലകയെ വില്ലിന്റെ ആകൃതിയിലാക്കിയ ശേഷം ഭക്തിയോടെ ഗൃഹത്തിലെ കുടുംബക്ഷേത്രത്തില്‍ സൂക്ഷിച്ചു വയ്ക്കുന്നു. ചിങ്ങം ഒന്നു മുതല്‍ വില്ലില്‍ ദശാവതാര ചിത്രങ്ങള്‍ വരയ്ക്കാനാരംഭിക്കും. ക്ഷേത്രകലയായ കളമെഴുത്തിന് ഉപയോഗിക്കുന്ന കളപ്പൊടിയാണ് ചിത്രം വരയ്ക്കുന്നതിനുപയോഗിക്കുന്നത്. തിരുവോണ നാളില്‍ ഓണവില്ല് ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. വിനായകന്, ശ്രീകൃഷ്ണലീല, ദശാവതാരം, അനന്തശയനം, ശ്രീരാമപട്ടാഭിഷേകം, ശാസ്താവ് എന്നീ ആറ് ജോഡി വില്ലുകളാണ് സമര്‍പ്പിക്കുന്നത്. ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളിലും വില്ലുകള്‍ ചാര്‍ത്തും.
വ്രതാനുഷ്ഠാനങ്ങളോടെയാണ് വില്ല് നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. 41 ദിവസത്തെ കഠിനവ്രതമെടുത്ത് ഉത്രാട ദിനത്തില്‍ ആണ് വില്ല് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ശാസ്താവ്, ശ്രീകൃഷ്ണന്, ഗണപതി എന്നീ ഭഗവാന്മാര്ക്ക് ഈ ദിനത്തില്‍ വില്ലുകള്‍ ചാര്‍ത്തുന്നു. പ്രത്യേകമായി തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ നടത്തുന്ന പൂജകള്‍ക്ക് ശേഷം വില്ല് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സൂക്ഷിക്കും. ഓണദിനങ്ങളില്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ഓണവില്ല് ദര്‍ശിക്കുന്നതിനുള്ള അവസരവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: