കൊച്ചി: 2024ൽ റിലീസായ ചിത്രത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നൽകുമെന്ന് ചോദ്യവുമായി സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. 2024-ൽ റിലീസായ ആടുജീവിതമാണ് 2023-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയത്. ഇതിന്റെ സാങ്കേതികതയെയാണ് ജൂഡ് ആന്തണി ചോദ്യം ചെയ്തത്.
2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് വെള്ളിയാഴ്ച സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്. ഇവിടെ എങ്ങനെ 2024ൽ തിയേറ്ററിൽ റിലീസായ ചിത്രത്തിന് എങ്ങനെ മികച്ച ജനപ്രിയ സിനിമയ്‌ക്കുള്ള പുരസ്‌കാരം നൽകും? എന്റെ ചില സുഹൃത്തുക്കൾ ഇക്കാര്യം എന്നോട് തിരക്കി. എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല’ ജൂഡ് ആന്തണി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
2023ലെ ചലച്ചിത്ര പുരസ്‌കാരത്തിന് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന് സിനിമയും മത്സരിച്ചിരുന്നു. 2018ലെ മഹാപ്രളയത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ രണ്ട് അവാർഡുകൾ നേടി. മികച്ച വിഷ്വൽ എഫക്ട്‌സിന് ആൻഡ്രു ഡിക്രൂസും വിശാഖ് ബാബുവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയപ്പോൾ കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻ ദാസും നേടി.
പുരസ്‌കാര നിർണ്ണയത്തെപ്പറ്റിയുള്ള ചോദ്യത്തിന്റെ ജൂഡിന്റെ മറുപടി ഇങ്ങനെയായിരുന്നു.
അവാർഡുകൾക്ക് വേണ്ടി സിനിമ ചെയ്യാറില്ല. ഒരോ സിനിമയെയും അവാർഡിന് പരിഗണിക്കുന്നത് ജൂറിയുടെ തീരുമാനമാണ്. ഇക്കാര്യത്തിൽ യാതൊരു പരാതിയുമില്ല. ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് എന്റെ ചിത്രം. അന്ന് ഓസ്‌കാറിൽ മികച്ച അന്താരാഷ്‌ട്ര ചിത്രങ്ങൾക്ക് വേണ്ടിയുള്ള മത്സരത്തിൽ ‘2018’നൊപ്പം മത്സരിച്ച ഭൂട്ടാനിൽ നിന്നും അർമ്മേനിയയിൽ നിന്നുമുള്ള ചിത്രങ്ങൾ വരെ ഐഎഫ്എഫ്‌കെയിൽ മത്സരിച്ചിരുന്നു. എന്നിട്ടും ഓസ്‌കാർ വരെ പോയ ഒരു മലയാള ചിത്രമായിട്ടും എന്റെ സിനിമ ഐഎഫ്‌കെകെയിൽ ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര മത്സരത്തിന് ‘2018’ അയ്‌ക്കണമെന്ന് ആദ്യം കരുതിയതല്ല. പക്ഷെ ചിത്രത്തിലെ കലാസംവിധായകൻ ഉൾപ്പടെയുള്ളവർ എത്ര അഭിനന്ദിച്ചാലും മതിയാകാത്ത രീതിയിലാണ് പ്രവർത്തിച്ചത്. അവർ അർഹിക്കുന്ന അംഗീകാരം കിട്ടണമെന്ന് തോന്നലുകൊണ്ടാണ് ചിത്രം മത്സരത്തിന് അയച്ചത്. അവർക്ക് പുരസ്‌കാരം കിട്ടുകയും ചെയ്തു” ജൂഡ് പറഞ്ഞു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ‘2018’ എന്ന ചിത്രം 2023 മേയ് അഞ്ചിനാണ് റിലീസ് ചെയ്തത്. തിയേറ്ററിൽ വൻ വിജയം നേടിയ സിനിമ മികച്ച പ്രേക്ഷക പ്രശംസയും നേടിയിരുന്നു. 176 കോടിയോളം രൂപ ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക