തിരുവനന്തപുരം: വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥിനികളെ ഗേറ്റ് പൂട്ടിയിട്ട് മണിക്കൂറുകള്‍ മഴയത്തു നിര്‍ത്തിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതേ സ്കൂളില്‍ പഠിച്ചു സ്പോര്‍ട്സില്‍ ദേശീയ മത്സരങ്ങളില്‍ വിജയിച്ച പട്ടികജാതി പെണ്‍കുട്ടികളെ പ്രവേശനം നല്‍കാതെ പുറത്താക്കാനാണ് സൂപ്രണ്ട് ശ്രമിക്കുന്നത്.
മെറിറ്റ് ലിസ്റ്റിലുള്ള പെണ്‍കുട്ടികളായ മൂന്നു ഫുട്ബോള്‍ താരങ്ങളെയും ഒരു ജൂഡോ താരത്തെയുമാണ് പ്രവേശനം നല്‍കാതെ പുറത്താക്കാന്‍ സൂപ്രണ്ട് ശ്രമിക്കുന്നത്. ഈ വര്‍ഷത്തെ സെലക്ഷന് ട്രയല്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ മെറിറ്റ് ലിസ്റ്റ് അട്ടിമറിച്ചു കായികക്ഷമത ഇല്ലാത്തവര്‍ക്കാണ് പ്രവേശനം നല്‍കിയത്. ഇതേ സ്കൂളില്‍ പഠിച്ച മെറിറ്റ് ലിസ്റ്റിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാന്‍ സൂപ്രണ്ട് തയ്യാറാകണം.
പട്ടികജാതി വര്‍ഗ പെണ്‍കുട്ടികളോട് കാണിച്ച നീച നടപടിയില്‍ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധായ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സൂപ്രണ്ടിനെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും ഷാജുമോന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: