ന്യൂദല്‍ഹി: സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി ഉയര്‍ത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളെ ബഹുമാനിക്കാന്‍ മാത്രമല്ല, അവര്‍ക്കായി മികച്ച തീരുമാനങ്ങളും മോദി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും നല്ല പൗരനായി വേണം അമ്മമാര്‍ മക്കളെ വളര്‍ത്താന്‍. സ്ത്രീകള്‍ സ്വയം പര്യാപ്തരാകുന്നതില് ഞങ്ങള്‍ അഭിമാനമുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ 10 കോടിയോളം സ്ത്രീകള്‍ സ്വയം സഹായസംഘങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്. 10 കോടി സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുകയാണ്. സ്ത്രീകള്‍ സ്വയം പര്യാപ്തരാകുമ്പോള്‍ കുടുംബത്തിനുള്ളിലെ തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയകളിലും പങ്കെടുക്കുന്നു. ഇത് സാമൂഹിക പരിവര്‍ത്തനത്തനം ഉറപ്പാക്കുന്നു. ഇതുവരെയും, രാജ്യത്തെ സ്വയം സഹായ സംഘങ്ങള്‍ക്ക് 9 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം. അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കണം. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് ഗൗരമായി ചിന്തിക്കണം. ക്രൂരകൃത്യം ചെയ്യുന്നവര്‍ക്ക് എത്രയും വേഗം കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ദൈര്‍ഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം
78 ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. തന്റെ തന്നെ റിക്കാര്‍ഡാണ് അദ്ദേഹം ഇക്കുറി മറികടന്നത്. 98 മിനിറ്റ് സമയമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്. പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ശരാശരി ദൈര്‍ഘ്യം 82 മിനിറ്റാണ്. 2016ല്‍ നടത്തിയ 96 മിനിറ്റ് പ്രസംഗത്തിന്റെ റിക്കാര്‍ഡാണ് ഇത്തവണ മറികടന്നത്. അദ്ദേഹം നടത്തിയ ഏറ്റവും ചെറിയ പ്രസംഗം 2017ലാണ്. 56 മിനിറ്റാണ് അന്ന് സംസാരിച്ചത്. 2014ല്‍ 65 മിനിറ്റ് നീണ്ട പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. 2015ല്‍ ഇത് 88 മിനിറ്റായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയുടെ 11-ാം പ്രസംഗവും മൂന്നാം വട്ടവും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗവുമായിരുന്നു ഇക്കുറി.
ശ്രദ്ധപിടിച്ചുപറ്റി തലപ്പാവ്
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തണവയും പങ്കെടുത്തത് മനോഹരമായ തലപ്പാവണിഞ്ഞ്. കുങ്കുമ, ഹരിത, മഞ്ഞ നിറങ്ങള്‍ ഇടകലര്‍ന്ന രാജസ്ഥാനി ലഹരിയ പ്രിന്റ് തലപ്പാവാണ് മോദി അണിഞ്ഞത്. വെള്ള കുര്‍ത്തയും പൈജാമയും നീല ജാക്കറ്റുമായിരുന്നു വേഷം. രാജസ്ഥാന് മരുഭൂമികളില്‍ മണല്‍ക്കാറ്റ് വീശുമ്പോള്‍ രൂപപ്പെടുന്ന പാറ്റേണുകള്‍ വസ്ത്രങ്ങളില്‍ ഡിസൈന്‍ ചെയ്യുന്നതാണ് ലഹരിയ പ്രിന്റ്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതല്‍ സ്വാതന്ത്ര്യദിനത്തില്‍ മോദി അണിയുന്ന തലപ്പാവുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഭാരതത്തിന്റെ പാരമ്പര്യത്തനിമയും സംസ്കാരവും ഒത്തിണങ്ങുന്ന രീതിയിലുള്ള ശിരോവസ്ത്രങ്ങളാണ് മോദി ധരിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: