കോട്ടയം: അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണരുകയും ബന്ധപ്പെട്ട മേഖലയില്‍ കര്‍ക്കശ സുരക്ഷാവ്യവസ്ഥകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ പതിവു രീതികള്‍ക്ക് ഇനിയും മാറ്റമില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായ വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവം ഉണ്ടായതോടെ ആശുപത്രികളിലെ സുരക്ഷ കര്‍ക്കശമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ വിഷയം വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമായതോടെ സുരക്ഷാ സംവിധാനവും അലസമായി. ഇപ്പോള്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നതോടെ കേരളത്തിലും ആശുപത്രികളുടെയും മറ്റും സുരക്ഷ ഉറപ്പാക്കാനുള്ള പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനുള്ള പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. അതിനര്‍ത്ഥം ഇത്രയും കാലം ഇത്തരമൊരു പ്രോട്ടോകോള്‍ ഉള്ള വിവരമോ അത് നടപ്പാക്കേണ്ടതാണ് എന്ന ചിന്തയോ ആരോഗ്യവകുപ്പിന് ഉണ്ടായിരുന്നില്ല എന്നതാണ്. വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനപ്പുറം ആശുപത്രികളില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടില്ല എന്നുള്ളതും ചൂണ്ടിക്കാണിക്കപ്പെടുന്നു. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് ഒരു കാരണം. ഇടുക്കി, എറണാകുളം, മഞ്ചേരി, തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ മെഡിക്കല്‍ കോളേജുകളിലെങ്കിലും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും വിശ്രമമുറിക്ക് രാത്രിയില്‍ വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലയിടത്തും വിശ്രമമുറികള്‍ ഉണ്ടെങ്കിലും അത് ഒറ്റപ്പെട്ട സ്ഥലത്താണ്. എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും മുഴുവന്‍ സമയം പോലീസ് സാന്നിധ്യമില്ല. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രോട്ടോകോള്‍ ഇല്ലാത്തതല്ല പ്രശ്നം. അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഇച്ഛാശക്തി ഇല്ലായ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: