ന്യൂദല്‍ഹി: ഒരു ഹോക്കി താരത്തിന് ഇതില്‍ കൂടുതല്‍ ഒന്നും സ്വപ്നം കാണാനില്ലെന്ന് പി.ആര്‍. ശ്രീജേഷ്. കളിക്കുന്നതിനൊപ്പം വീരോചിതമായി യാത്രയയപ്പും വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക, അത് തനിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹോക്കി ഇന്ത്യ നല്‍കിയ യാത്രയയപ്പിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.ആര്‍. ശ്രീജേഷ്.
ഏറ്റവും സന്തോഷത്തിലും സംതൃപ്തിയോടെയുമാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ശ്രീജേഷ് പറഞ്ഞു.
20 വര്‍ഷത്തിലധികമായി ഭാരത ഹോക്കി ടീമിന്റെ ഭാഗമാണ്, അവസാന ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടി, ഒളിംപിക്സിന്റെ സമാപന ചടങ്ങില്‍ പി.ടി. ഉഷ നിര്‍ദ്ദേശിച്ചത് അനുസരിച്ച് ദേശീയ പതാകയേന്തി. ഭാരത ഹോക്കി ടീമിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹോക്കി താരത്തിന് ലഭിച്ച യാത്രയയപ്പും തനിക്ക് കിട്ടി, കുടുംബവും മക്കളും എല്ലാം ഇവിടെയുണ്ട്, 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചു, ഇതില്‍ കൂടുതല്‍ ഒന്നും തനിക്ക് ആഗ്രഹിക്കാനില്ല. ഒരു ഒളിംപിക്സ് മെഡല്‍ നേടി നാട്ടില്‍ ചെന്ന് കൂടുതല്‍ പേര്‍ക്ക് പ്രചോദനം ആകണമെന്നാണ് കരുതിയിരുന്നത്. അത് സാധിച്ചെന്നും പി.ആര്‍. ശ്രീജേഷ് പറഞ്ഞു.
തനിക്ക് നല്‍കിയ സ്നേഹോഷ്മളമായ യാത്രയയപ്പിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ശ്രീജേഷ് പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയും പരിശീലകരുടെ മാര്‍ഗനിര്‍ദേശവും സഹതാരങ്ങളുടെ സൗഹൃദവും ഇല്ലെങ്കില്‍ ഈ നിലയിലെത്താനും ഈ നിമിഷം അനുഭവിക്കാനും സാധിക്കുമായിരുന്നില്ല. ഈ നിമിഷത്തെ വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമുണ്ട്. ഈ കാലത്തിനിടയ്‌ക്ക് എല്ലാ ഉയര്‍ച്ച – താഴ്‌ച്ചകളും അനുഭവിച്ചിട്ടുണ്ട്. അതെല്ലാം തന്നെ ഇന്നത്തെ വ്യക്തിയാക്കി മാറ്റി. ഒരു അന്താരാഷ്‌ട്ര കായികതാരമെന്ന നിലയില്‍ തന്റെ സമയത്തിന്റെ ഓരോ മിനിറ്റും ആസ്വദിച്ചു. ടീം തന്റെ രണ്ടാമത്തെ കുടുംബമാണ്. ടീമംഗങ്ങളെ വല്ലാതെ മിസ്സ് ചെയ്യും. താന്‍ എന്നെന്നേക്കുമായി പിന്മാറുന്നില്ലെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
ശ്രീജേഷ് തങ്ങളുടെ ജീവിതത്തിലെ നിര്‍ണായക ഘടകമായി മാറിയതായി ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് പറഞ്ഞു. കളിക്കളത്തിലും പുറത്തും ഒരു ജ്യേഷ്ഠനെപ്പോലെ അദ്ദേഹം തങ്ങളെ നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സിനോടുള്ള ശ്രീജേഷിന്റെ പ്രതിബദ്ധത അഭിനന്ദനാര്‍ഹമാണെന്ന് മുന്‍ ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് പറഞ്ഞു. ശ്രീജേഷിനൊപ്പം കളിച്ചതിന്റെ ചില നല്ല ഓര്‍മ്മകളുണ്ട്. ടീമിനായി കളിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത യുവതലമുറ പഠിക്കുകയും ഉള്‍ക്കൊള്ളുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: