ലഖ്നൗ: യുപിയിലെ കണ്‍പൂരില്‍ ഒരു സര്‍ക്കാര്‍ കോളെജില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്ന് പെണ്‍കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ച് എത്തി. ഇത് കോളെജ് അധികൃതരെ ഞെട്ടിച്ചു. കാണ്‍പൂര്‍ ബില്‍ഹോര്‍ പ്രദേശത്തെ ഇന്‍റര്‍ കോളെജിലാണ് സംഭവം. കോളെജിലെ സ്ഥിരം പ്രഖ്യാപിത യൂണിഫോം വിട്ട് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളുടെ രീതി കോളെജ് അധികൃതരെ ആശയക്കുഴപ്പത്തിലാക്കി.
ഇതോടെയാണ് ഈ സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിങ്ങ് അന്വേഷണത്തിന് ഉത്തരവിട്ടത്. സബ് ജില്ലാ മജിസ്ട്രേറ്റ് രശ്മി ലാംബയോടാണ് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്ത് 17ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഒന്ന്, ഈ പെണ്‍കുട്ടികള്‍ നേരത്തെ കോളെജില്‍ ചേര്‍ന്നവരാണോ? രണ്ട്, ഇനി നേരത്തെ ചേര്‍ന്നവരാണെങ്കില്‍, ഹിജാബ് ധരിച്ചെത്തിയ കുട്ടികള്‍ക്ക് കോളെജില്‍ നിലനില്‍ക്കുന്ന വേഷവിധാനം സംബന്ധിച്ച കാര്യങ്ങള്‍ അറിയുമായിരുന്നോ? മൂന്ന്, കോളെജിലെ വേഷവിധാന നയങ്ങള്‍ ലംഘിച്ച് ഹിജാബ് ധരിച്ചുവരാന്‍ പുറത്തുനിന്നുള്ള ഏതെങ്കിലും ശക്തികള്‍ സ്വാധീനിച്ചോ?- ഇക്കാര്യങ്ങളാണ് സബ് ജില്ലാ മജിസ്ട്രേറ്റ് രശ്മി ലാംബ അന്വേഷിക്കുക.
ആഗസ്ത് മൂന്നിനാണ് കോളെജിലെ ഡ്രസ് കോഡ് ലംഘിച്ച് മൂന്ന് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളെജില്‍ എത്തിയത്. ജ്യോതി എന്ന അധ്യാപികയാണ് ആദ്യം ഇക്കാര്യം ശ്രദ്ധിച്ചത്. അതേ തുടര്‍ന്ന് അവര്‍ പെണ്‍കുട്ടികളെ ഡ്രസ് കോഡിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇത് വകവെയ്‌ക്കാതെ പെണ്‍കുട്ടികള്‍ തുടര്‍ന്നു ഹിജാബ് ധരിച്ച് എത്തുകയായിരുന്നു. കോളെജില്‍ നിന്നും പുറത്താക്കിയാലും ഹിജാബ് ധരിച്ചേ വരൂ എന്ന് പെണ്‍കുട്ടികള്‍ കടുംപിടുത്തത്തിലായിരുന്നു.
പിന്നീട് ഈ പ്രശ്നം പ്രിന്‍സിപ്പല്‍ സുര്‍ജിത് സിങ്ങ് യാദവിന്റെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഞങ്ങള്‍ ഹിജാബ് ധരിച്ചേ വരൂ എന്ന് പെണ്‍കുട്ടികള്‍ വാശിപിടിക്കുകയായിരുന്നു. ഇതോടെ കോളെജ് പാലിച്ചുപോരുന്ന ഡ്രസ് കോഡ് ലംഘിക്കുന്നവര്‍ക്ക് കോളെജിനകത്ത് പ്രവേശനമില്ലെന്ന് പ്രിന്‍സിപ്പില്‍ വിലക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളുമായി പ്രശ്നം സംസാരിച്ചു. പെണ്‍കുട്ടികള്‍ കോളെജിലെ ഡ്രസ് നിയമം ലംഘിക്കുകയാണെന്ന പ്രിന്‍സിപ്പലിന്റെ വാദം മാതാപിതാക്കള്‍ അംഗീകരിച്ചു. ഇനി മുതല്‍ പെണ്‍കുട്ടികള്‍ കോളെജിലെ യൂണിഫോം ധരിച്ച് മാത്രമേ വരൂ എന്ന് മാതാപിതാക്കളും പ്രിന്‍സിപ്പലുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചു.
സബ് ജില്ലാ മജിസ്ട്രേറ്റിന്റെ അന്വേഷണറിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം പോലെയൊന്നിന് യുപിയില്‍ തിരികൊളുത്താനുള്ള മതമൗലികവാദികളുടെ ശ്രമമാണ് എന്നാണ് അഭ്യൂഹം. ഈ വിവാദം കര്‍ണ്ണാടകത്തില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചിരുന്നു. അത് മുസ്ലിം വോട്ടുകള്‍ ചോരാതെ കോണ്‍ഗ്രസ് പെട്ടിയില്‍ വീഴാന്‍ സഹായിച്ചിരുന്നു. വാസ്തവത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍ ഇത്രത്തോളം ചേരിതിരിവില്ലാത്തവരായിരുന്നു. അവരില്‍ നല്ലൊരു പങ്ക് ബിജെപി വോട്ടര്‍മാരുമാണ്. ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടാനായി രഹസ്യമായി കടുത്ത വര്‍ഗ്ഗീയ പ്രചാരണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: