കാലിഫോര്‍ണിയ: ചൊവ്വ ഗ്രഹത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയ്‌ക്കുവേണ്ടി കാലിഫോര്‍ണിയ, ബെര്‍ക്ക്‌ലി, യുസി സാന്‍ ഡിഗോ എന്നീ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മൈക്കല്‍ മാംഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന പ്രസിദ്ധീകരണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.
ചൊവ്വയില്‍ ദ്രാവക രൂപത്തിലുള്ള ജലത്തിന്റെ സീസ്മിക് സിഗ്നലുകള്‍ കണ്ടെത്തിയതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ചൊവ്വയുടെ ധ്രുവങ്ങളില്‍ തണുത്തറുഞ്ഞ ജല സാന്നിധ്യമുള്ളതായി നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ആദ്യമായാണ്. അതേസമയം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 11.5 മുതല്‍ 20 കിലോമീറ്റര്‍ വരെ ആഴത്തിലാണ് ജലമുള്ളത്. ഭൂമിയുടെ ഉപരിതലത്തില്‍ ഒരു കിലോമീറ്റര്‍ ആഴത്തില്‍ കുഴിക്കുന്നത് ശ്രമകരമാണെന്നിരിക്കെ ചൊവ്വയില്‍ അത്രയും ആഴത്തില്‍ കുഴിക്കുന്നത് കനത്ത വെല്ലുവിളിയാകും.
300 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ചൊവ്വയിലെ കാന്തിക വലയം തകരുകയും സൗരവാതങ്ങള്‍ അന്തരീക്ഷത്തെ നശിപ്പിക്കുകയും ചെയ്തതോടെ ജലം ബഹിരാകാശത്തേക്കു നഷ്ടപ്പെട്ടുവെന്നാണ് ശാസ്ത്രസമൂഹം ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ജലം നഷ്ടപ്പെടുകയല്ല ഉള്ളിലേക്കു അരിച്ചിറങ്ങിയിരിക്കാനാണ് സാധ്യത. അതായത് ഭൂമിയില്‍ ഭൂഗര്‍ഭജലം ഉപരിതലത്തില്‍ നിന്ന് താഴേയ്‌ക്കിറങ്ങുന്നത് പോലെ തന്നെ ചൊവ്വയിലും സംഭവിച്ചിട്ടുണ്ടാകും.
ദ്രവജലത്തിന്റെ സാന്നിധ്യം ചൊവ്വയിലുണ്ടെന്ന കണ്ടെത്തല്‍ അവിടത്തെ നഷ്ടപ്പെട്ട അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ജീവന്റെ സാധ്യതകളെകുറിച്ചുമുള്ള പഠനങ്ങള്‍ക്ക് സഹായകമാകും. 2018ല്‍ നാസ ചൊവ്വയിലേക്കയച്ച ഇന്‍സൈറ്റ് ലാന്‍ഡറില്‍ നിന്നുള്ള വിവരങ്ങളാണു ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. ലാന്‍ഡര്‍ 2022ല്‍ ദൗത്യം അവസാനിപ്പിച്ചിരുന്നു. അടുത്തിടെ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നതിന്റേയും വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ചൈനയുടെ ചാന്ദ്ര പേടകം ചാങ്ഇ- 5 ശേഖരിച്ച മണ്ണ് വിശകലനം ചെയ്തതില്‍ നിന്നാണ് ജലാംശമുള്ളതായി ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: