India

പട്ടിക വിഭാഗങ്ങളിലെ മേല്‍ത്തട്ട്: കോണ്‍ഗ്രസില്‍ ഭിന്നത, രാഷ്‌ട്രീയ നേട്ടം പഠിക്കാന്‍ സമിതി

Published by

ന്യൂഡല്‍ഹി: പട്ടിക വിഭാഗങ്ങളിലെ മേല്‍ത്തട്ട് കണ്ടെത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്വാഗതം ചെയ്തതോടെ എഐസിസി വെട്ടിലായി. പട്ടിക വിഭാഗങ്ങളിലെ ഉപവര്‍ഗീകരണവും മേല്‍ത്തട്ടുകാരെ ഒഴിവാക്കലും സംബന്ധിച്ച നിര്‍ദ്ദേശത്തോട് യോജിപ്പില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ ഘടകം പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ വിരലിലെണ്ണാവുന്ന മുഖ്യമന്ത്രിമാരില്‍ ഒരാള്‍ തന്നെ കോടതി നിര്‍ദ്ദേശത്തെ പിന്തുണച്ച് രംഗത്ത് വന്നത് പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയും ആശയക്കുഴപ്പവും ഉണ്ടെന്ന് വ്യക്തമാക്കുന്നതായി. ഇതോടെ സുപ്രീംകോടതി നിര്‍ദ്ദേശത്തിന് എതിരാണ് കോണ്‍ഗ്രസ് നിലപാടെന്ന വിശദീകരണവുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് രംഗത്തുവരേണ്ടി വന്നു. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.എന്നാല്‍ ഖാര്‍ഗയുടെ നിലപാടിനോട് പൂര്‍ണ്ണ യോജിപ്പ് അല്ല സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനുള്ളത്. കോടതി നിര്‍ദ്ദേശം അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എങ്ങനെ പ്രയോജനപ്പെടും എന്ന് വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. രേവന്തിനെയും വേണുഗോപാലിനെയും പിന്തുണയ്‌ക്കുന്ന ഒട്ടേറെപ്പേര്‍ പാര്‍ട്ടിയിലുണ്ട്. വിഷയം രാഷ്‌ട്രീയമായി എങ്ങനെ ഗുണം ചെയ്യും എന്ന് വിലയിരുത്താന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാടിനെ സംശയത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഈ സാഹചര്യത്തിലാണ് അതുസംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഈ സമിതി സംസ്ഥാന ഘടകങ്ങളുമായി ബന്ധപ്പെട്ട മറ്റു കക്ഷികളുമായും കൂടിയാലോചന നടത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.മഹാരാഷ്‌ട്ര, ഹരിയാന, ജാര്‍ഖണ്ഡ് ,ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കിടെയാണ് ഇത്തരമൊരു കുരുക്ക് കോണ്‍ഗ്രസിന് വന്നു ഭവിച്ചത്. പ്രശ്‌നത്തെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാനാണ് പാര്‍ട്ടിയുടെ ശ്രമം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക