പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ രാജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം സജീവ ചര്‍ച്ചയാകുമ്പോഴാണ് അനധികൃത ക്വാറിക്കു വേണ്ടി സിപിഎമ്മും പാര്‍ട്ടിയുടെ മുന്‍ എംഎല്‍എയും രംഗത്തു വന്നിരിക്കുന്നത്.
സിഐടിയു ഉള്‍പ്പെടെ സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധ യോഗമാണ് രാജു എബ്രഹാം ഉദ്ഘാടനം ചെയ്തത്. പ്രമാടം ആമ്പാടിയില്‍ ഗ്രാനൈറ്റ്സ് എന്ന ക്വാറി വീണ്ടും തുറക്കണമെന്നും ടിപ്പര്‍, ടോറസ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യോഗം. എന്നാല്‍ ജനങ്ങളുടെ ജീവന് അപകടത്തിലാക്കി ക്വാറി വീണ്ടും തുറക്കരുതെന്ന് നാട്ടുകാര്‍.
ക്വാറി തുറക്കലിനെ ശക്തമായി പ്രതിരോധിക്കുമെന്ന് ഗ്രാമ രക്ഷാസമിതി വ്യക്തമാക്കി. ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കാനുള്ള നീക്കത്തിലാണ് സമിതിയെന്ന് നാട്ടുകാരുടെ സംഘടനയായ ഗ്രാമ രക്ഷാസമിതി അറിയിച്ചു. ടിപ്പര്‍, ടോറസ് തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലായതിനാലാണ് സിഐടിയു ചുമതലക്കാരനെന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് രാജു എബ്രഹാമിന്റെ ന്യായീകരണം.
അതേസമയം ക്വാറി വീണ്ടും തുറക്കാനുള്ള നിയമ നടപടികള്‍ കോടതിയിലും വ്യവസായ വകുപ്പിലും പൂര്‍ത്തിയായെന്നും ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് അനുമതിയാകുമെന്നും ആമ്പാടിയില്‍ ഗ്രാനൈറ്റ്സ് അറിയിച്ചു. വിഷയത്തില്‍ സിപിഎമ്മില്‍ കടുത്ത ഭിന്നതയാണ്. നാലു ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 46 പേര് ഏരിയ നേതൃത്വത്തിനു രാജിക്കത്തു നല്കി.
ക്വാറി തുറക്കുന്നതിനെതിരേ നാട്ടുകാരുടെ വലിയ പ്രതിഷേധമുള്ളപ്പോള്‍ മുന്‍ എംഎല്‍എ തന്നെ ക്വാറിക്കായി രംഗത്തെത്തിയതാണ് ഇവരെ ചൊടിപ്പിച്ചതും രാജിയിലേക്കു നയിച്ചതും. രാജു എബ്രഹാം ഉദ്ഘാടകനായി പങ്കെടുക്കരുതെന്ന് സിപിഎം പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ എതിര്‍പ്പ് കോന്നി ഏരിയ നേതൃത്വത്തെ അറിയിച്ചെങ്കിലും രാജു എബ്രഹാം പങ്കെടുത്ത പ്രതിഷേധ യോഗം നടന്നു. ഇതോടെയാണ് 46 പേര് രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: