ഡോ. സി.എം. ജോയി
കേരളത്തിന്റെ സര്‍ക്കാരുകളില്‍ മെച്ചപ്പെട്ട ഭരണം നടന്നത് സി. അച്യുത മേനോന് സര്‍ക്കാരിന്റെ കാലത്തായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 1970-ല്‍ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയതിനു പിന്നിലും ഈ സര്‍ക്കാരായിരുന്നു എന്നതാണ് ചരിത്രം. തിരുവിതാംകൂര്‍ രാജ്യഭരണ- ബ്രിട്ടീഷ് ഭരണകാലത്തു 1886-ല്‍ ഉടലെടുത്ത 999 വര്‍ഷത്തെ കരാര്‍ സ്വാതന്ത്ര്യത്തിന് ശേഷവും എങ്ങനെ പുതുക്കാന്‍ സാധിച്ചു?
1941 ഇല് അര്‍ബിട്രേഷന്‍ കോടതി തമിഴ്നാടിനു കൃഷിക്ക് ജലം നല്‍കാം എന്നും വൈദ്യുതി നിര്‍മിക്കാന്‍ ജലം കൊടുക്കരുതെന്നും വിധിച്ചു. അത് എന്തുകൊണ്ട് നടപ്പായില്ല? ബേബി ഡാം നിര്‍മിച്ചത് എന്തുകൊണ്ട് ചോദ്യം ചെയ്തില്ല? കരാര്‍ ലംഘനങ്ങള്‍ നടന്നിട്ടും 1970-ല്‍ കരാര്‍ എങ്ങനെ പുതുക്കി? വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പാടില്ലെന്ന് അര്‍ബിട്രേഷന്‍ വിധിച്ചിട്ടും എങ്ങനെ അതിന് അനുമതി നല്കി? സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് റിപ്പോര്‍ട്ടുകളില്‍ പറയുന്ന കേരളത്തില്‍ അധിക ജലം ഉണ്ട് എന്നത് എന്തുകൊണ്ട് ചോദ്യം ചെയ്തില്ല. സിഡബ്ല്യുസി റിപ്പോര്‍ട്ടുകളുടെ സത്യസന്ധതയും വിശ്വാസ്യതയും കേരളത്തിലെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് എന്തുകൊണ്ട് പരിശോധിക്കാന്‍ കഴിഞ്ഞില്ല? കേരളത്തില്‍ അധിക ജലം ഉണ്ടായിരുന്നെങ്കില്‍ വേനല്‍ കാലത്തു പുഴകളില്‍ എങ്ങനെ ഉപ്പുവെള്ളം കയറുന്നു?
വര്‍ഷാവര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എന്തുകൊണ്ട് കോടിക്കണക്കിനു രൂപയുടെ കുടിവെള്ള വിതരണം നടത്തേണ്ടിവരുന്നു?പുതിയ കരാറിന് തമിഴ്നാട് സമ്മതിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും തമിഴ്നാടിനു ജലം, കേരളത്തിന് പുതിയ കരാര്‍, പുതിയ ഡാം എന്ന് നിയമസഭ പ്രമേയം പാസാക്കിയത് എന്തുകൊണ്ട്? തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രിമാരുടെ കാലത്ത് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ് മൂലങ്ങളില്‍ കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടോ എന്ന് എന്തുകൊണ്ട് കേരള സര്‍ക്കാര്‍ പരിശോധിച്ചില്ല. സംഭവത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ കൊണ്ട് എന്തുകൊണ്ട് യോഗം വിളിപ്പിച്ചു ജല സംഭരണം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ കേരള സര്‍ക്കാര്‍ മുന്‍ കൈ എടുക്കുന്നില്ല? മുല്ലപ്പെരിയാര്‍ കേസുകളില്‍ കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ കേസുകള്‍ കൈകാര്യം ചെയ്തിട്ടും കേരളത്തിന് സുപ്രീം
കോടതിയില്‍ കനത്ത തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടിവന്നത് എന്തുകൊണ്ട്? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഡാം പൊട്ടില്ല എന്ന് പറയുമ്പോള്‍, 127 വര്‍ഷം പഴക്കമുള്ള ഡാം എന്തുകൊണ്ട് പൊട്ടില്ല എന്നതിന് ശാസ്ത്രിയ കാരണങ്ങള്‍ പറയണ്ടേ? ഇതില്‍ രണ്ടു സംസ്ഥാനങ്ങളുടെ രാഷ്ട്രിയം മാത്രം കണക്കിലെടുത്താല്‍ മതിയോ എന്ന് ഭരണാധികാരികള്‍ ചിന്തിക്കണം.
(കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: