ജലന്ധർ: പഞ്ചാബ് അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു. തിങ്കളാഴ്‌ച രാത്രി 8:30ഓടെ തരൺ തരൺ ജില്ലയിലെ ദാൽ ഗ്രാമത്തിൽ അന്താരാഷ്‌ട്ര അതിർത്തി കടന്ന് അതിർത്തി വേലിക്ക് സമീപത്തേക്ക് ഇയാൾ വരുന്നത് കണ്ടതായി ബിഎസ്എഫ് വക്താവ് പറഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ നുഴഞ്ഞുകയറ്റക്കാരനോട് തിരിച്ച് പോകാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ നിർത്താതെ അതിർത്തി സുരക്ഷാ വേലിയിലേക്ക് മുന്നേറുകയായിരുന്നുവെന്ന് വക്താവ് പറഞ്ഞു. അപകടം മനസ്സിലാക്കുകയും വരാനിരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ ഉയർന്ന ജാഗ്രതാ സാഹചര്യം കണക്കിലെടുത്ത് ഡ്യൂട്ടിയിലുള്ള സൈനികർ നുഴഞ്ഞുകയറ്റക്കാരന് നേരെ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് തന്നെ കൊലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം പഞ്ചാബിലെ 553 കിലോമീറ്റർ നീളമുള്ള ഇന്ത്യ-പാകിസ്ഥാൻ അതിർത്തി കാക്കുന്ന ബിഎസ്എഫ് ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിന പരിപാടികളുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 10 മുതൽ മുൻനിരയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: