ഹിന്‍ഡന്‍ബര്‍ഗ് കടലാസ് പുലിയായി; ഓഹരി വിപണിയ്ക്ക് ഒരു ചുക്കും സംഭവിച്ചില്ല; ആദ്യമണിക്കൂറില്‍ താഴ്ന്ന അദാനി ഓഹരികള്‍ക്ക് നേരിയ നഷ്ടം മാത്രം
അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് വെറും കടലാസ് പുലിയായി മാറിയ ദിവസമായിരുന്നു തിങ്കളാഴ്ച. കറുത്ത തിങ്കളാഴ്ചയാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. അമേരിക്കയിലെ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സെബി അധ്യക്ഷയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കടലാസിന്റെ വില പോലും ഉണ്ടായില്ല. ഓഹരിവിപണി കാര്യമായ നഷ്ടം രേഖപ്പെടുത്താതെ തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. 2023 ജനവരില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് നഷ്ടമായത് 15000 കോടി ഡോളര്‍(ഏകദേശം 12.45 ലക്ഷം കോടി രൂപ) ആയിരുന്നെങ്കില്‍, തിങ്കളാഴ്ച അദാനി ഓഹരികള്‍ക്കുണ്ടായത് നാമമാത്ര നഷ്ടം മാത്രം.
പണ്ട് ഹിന്‍ഡന്‍ബര്‍ഗ് എന്ന ചക്ക വീണ് ഒരു മുയല് ചത്തെങ്കില് തിങ്കളാഴ്ച ഒരു മുയലും ചത്തില്ല. അദാനി ഓഹരികള്‍ രാവിലെ 10 മണിവരെ അല്പം അധികം നഷ്ടം കാണിച്ചെങ്കിലും പിന്നീട് തിരിച്ച് കയറി. അദാനി ടോട്ടല്‍ ഗ്യാസ് മൂന്ന് ശതമാനവും അദാനി പോര്‍ട്ട് 2.3 ശതമാനവും അദാനി പവര്‍ 1.2 ശതമാനവും അദാനി വില്‍മര്‍ നാല് ശതമാനവും മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. അതേ സമയം അദാനി ഗ്രീന്‍ ആകട്ടെ 0.23 ശതമാനം ഉയരുകയും ചെയ്തു.
ആക്സിസ് ബാങ്ക് 1.89 ശതമാനവും ഒഎന്‍ജിസി 2.63 ശതമാനവും ഇന്‍ഫോസിസ് 1.51 ശതമാനവും ജെഎസ് ഡബ്ല്യു സ്റ്റീല്‍ 1.2 ശതമാനവും ഹീറോ മോട്ടോഴ്സ് 2.01 ശതമാനവും ഉയര്‍ന്നു. അതായത് ഏത് സാധാരണ ദിവസവും പോലെ ചില ഓഹരികള്‍ താഴ്ന്നപ്പോള്‍ മറ്റ് ചിലവ ഉയര്‍ന്നു.നിഫ്റ്റി 20 പോയിന്റ് മാത്രമാണ് തകര്‍ന്നത്.
മാധബി പുരി ബുചിനെതിരെ വെറുതെ ഒരു ആരോപണം
മാധബി പുരി ബുച് എന്ന സെബിയുടെ അധ്യക്ഷയ്ക്കെതിരെയായിരുന്നു ശനിയാഴ്ച രാത്രി പുറത്തുവന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ആരോപണം ഉയര്‍ത്തിയത്. മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവാല്‍ ബുച്ചിനും അദാനിയുടെ ഓഹരികളിലേക്ക് നിയമവിരുദ്ധമായി പണം ഒഴുക്കാന്‍ ഉപയോഗിക്കുന്ന ബെര്‍മുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളില്‍ നിക്ഷേപമുണ്ടെന്നതായിരുന്നു പ്രധാന ആരോപണം. ഗൗതം അദാനിയുടെ ജ്യേഷ്ഠന് വിനോദ് അദാനിയാണ് ഈ കമ്പനികളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹവുമായി അടുത്ത ബന്ധം മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവാല്‍ ബുച്ചിനും ഉണ്ടെന്നും ഹിന്‍ഡന്‍ ബര്‍ഗ് ആരോപിച്ചു. എന്നാല്‍ അപ്പോള്‍ തന്നെ മാധവി പുരി ബുച്ചും ഭര്‍ത്താവും ഈ ആരോപണങ്ങള്‍ നിഷേധിച്ചു. അവരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് മുഴുവന്‍ കണക്കുകളും പുറത്തുവിടാന്‍ തയ്യാറാണെന്നായിരുന്നു മാധബി പുരി ബുച്ചിന്റെ മറുപടി. ഇതോടെ പ്രശ്നം അടങ്ങി.
ഹിന്‍ഡന്‍ബര്‍ഗിനെ ഏറ്റു പിടിച്ച രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം ഇന്ത്യയുടെ സ്ഥാപനങ്ങള്‍ ശരിയല്ലെന്ന് വരുത്തിതീര്‍ക്കല്‍
എന്നാല്‍ കോണ്‍ഗ്രസും ചില മോദി വിരുദ്ധ മാധ്യമങ്ങളും എന്‍ജിഒകളും ഇതില്‍ ഏറ്റുപിടിച്ച് മാധബി പുരി ബുച്ചിനെയും സെബിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. ഇന്ത്യയിലെ സ്ഥാപനങ്ങളെ മുഴുവന്‍ കാര്യക്ഷമമല്ല എന്ന് ചിത്രീകരിച്ച് പ്രധാനമന്ത്രി മോദിയെ ദുര്‍ബലമാക്കാനുള്ള ഗൂഢാലോചനയിലാണ് രാഹുല്‍ ഗാന്ധി കുറച്ചു നാളുകളായി ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് വിദേശത്ത് വിരിഞ്ഞ ബുദ്ധിയാണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎയ്ക്കെതിരെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ നടത്തിയ ആരോപണങ്ങള്‍ നമ്മള് കണ്ടതാണ്. എന്നാല്‍ സിബിഐ അതികാര്യക്ഷമമായി അന്വേഷണം നടത്തി പ്രതികളെ പിടിച്ചതോടെ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ലാതായി. വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി ഇന്ത്യയെ നീറ്റ് പരീക്ഷയുടെ പേരില്‍ കത്തിക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റി. ചില പ്രത്യേക ഗൂഢാലോചനക്കാര്‍ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത കളയാന്‍ വേണ്ടി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ത്തിയത് എന്ന് വ്യക്തമായി. മാത്രമല്ല, ഈ ചോര്‍ച്ച വ്യാപകമായിരുന്നില്ല എന്ന് തെളിഞ്ഞതോടെ നീറ്റ് പരീക്ഷ റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ത്തിയതിന് പിന്നില്‍ ചില പ്രതിപക്ഷ പാര്‍ട്ടികയുടെ നേതാക്കള്‍ ഉണ്ടായിരുന്നോ എന്നും സംശയം ജനിച്ചിട്ടുണ്ട്. ഇത് വഴിയെ പുറത്തുവരും എന്ന് കരുതാം.
മോദിയുടെ 10 വര്‍ഷത്തെ പുരോഗതി
അതിന് ശേഷം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ അജണ്ട സെബിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്നതാണ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയ ഒന്നാണ് ഇന്ത്യയുടെ ഓഹരി വിപണി. നിരവധി സാധാരണനിക്ഷേപകരെ വരെ കോടിപതികളാക്കി മാറ്റുന്നതായിരുന്നു ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പ്. ഇതിന് കാരണം മോദി സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങളായിരുന്നു. ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനങ്ങള്‍ വന്‍കുതിപ്പാണ് ഇക്കാലയളവില്‍ നേടിയത്. രാസവളം നിര്‍മ്മിക്കുന്ന എഫ് എസിടി പോലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍, ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന ആര്‍വിഎന്‍എല്‍, ഐആര്‍എഫ് സി, ജൂപ്പിറ്റര്‍ വാഗണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ റെയില്‍വേയുടെ വികസനക്കുതിപ്പിനൊപ്പം വളര്‍ന്നു. അതുപോലെ പ്രതിരോധമേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വികസിപ്പിച്ചതോടെ പൊതുമേഖല സ്ഥാപനങ്ങളായ ബിഇഎല്‍, എച്ച് എഎല്‍ തുടങ്ങിയ കമ്പനികളും വളര്‍ന്നു. ഷിപ്പിംഗ് രംഗത്ത് അറ്റകുറ്റപ്പണികളും പുതിയ യുദ്ധക്കപ്പല്‍ നിര്‍മ്മാണവും വിദേശത്ത് നിന്നുള്ള ഓര്‍ഡറുകളും ഒഴുകിയെത്തിയതോടെ പൊതുമേഖല ഷിപ്പിംഗ് കമ്പനികളായ കൊച്ചിന് ഷിപ് യാര്‍ഡ്, മസ് ഗോണ് ഡോക്, ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ എന്നിവയും വളര്‍ന്നു.അതുപോലെ ബാങ്കിംഗ് രംഗത്ത് കിട്ടാക്കടം കുറച്ചുകൊണ്ടുവരികയും ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തതോടെ എസ് ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകളും വളര്‍ന്നു. മോദിയുടെ നയമാറ്റങ്ങളിലൂടെ വിവിധ മേഖലകളിലെ പൊതുമേഖലാ കമ്പനികള്‍ വളര്‍ന്നതോടെ ഇവയുടെ ഓഹരിവിലയും പതിന്മടങ്ങ് വര്‍ധിച്ചു. ഇത് ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് വലിയ ലാഭം നേടാനുള്ള അവസരമായി.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണിന്ന്. നടപ്പുസാമ്പത്തിക വര്‍ഷം ലോകത്തിലെ വിവിധ ധനകാര്യ റേറ്റിംഗ് കമ്പനികളും സാമ്പത്തിക വിശകലന കമ്പനികളും ഇന്ത്യയുടെ ജിഡിപി ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവരെല്ലാം നേരത്തെ കണക്കുകൂട്ടിയിരുന്നതെല്ലാം തിരുത്തി അതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്കാണ് ഇന്ത്യയ്ക്കായി ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ലോകത്തിലെ വികസിത രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ പോലും കിതച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ കുതിപ്പെന്ന് ഓര്‍ക്കണം.
ഇന്ത്യയുടെ ഈ ശോഭനമായ വളര്‍ച്ച വിദേശ ശക്തികളെ മുഴുവന്‍ അസൂയപ്പെടുത്തുന്നുണ്ട്. ഇതിന് ഒരു അറുതി വരുത്താന്‍ പല വിധ ആരോപണങ്ങളും ഉയര്‍ത്തി വിദേശശക്തികള്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കുറെ വര്‍ഷങ്ങളായി പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വന്നതിനാല്‍ നിരാശരായ ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രസ്ഥാനവും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈന, അമേരിക്കയിലെ ചില ഗൂഢസംഘങ്ങള്‍ എന്നിവരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയാണ്.
ഹിന്‍ഡന്‍ബര്‍ഗ് കടലാസ് പുലിയായി
സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ രാഹുല്‍ ഗാന്ധി പറഞ്ഞത് സെബിയുടെ പ്രവര്‍ത്തനം ശരിയല്ലെന്നും മാധബി പുരി രാജിവെയ്ക്കണം എന്നുമാണ്. എന്നാല്‍ എന്താണ് ആരോപണം, ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വാസ്തവമുണ്ടോ എന്നൊന്നും പരിശോധിക്കാന്‍ പോലും തയ്യാറാവാതെ അത്തരം പ്രസ്താവന നടത്തുന്നതിനര്‍ഥം. രാഹുല്‍ ഗാന്ധി ആരുടെയോ അജണ്ട നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്ന് തന്നെയാണ്. എന്തായാലും തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നില്ല. സാധാരണപോലെ പ്രവര്‍ത്തിച്ചു. ഹിന്‍ഡന്‍ ബര്‍ഗ് ഒരു കടലാസ് പുലി ആയി എന്നേ പറയാനുള്ളൂ.
പണ്ടത്തെ ഒരു കഥയുണ്ടല്ലോ. ആദ്യ ദിവസം പുലി വരണേ എന്ന് പൈക്കളെ മേയ്ക്കാന്‍ പോയ ഇടയനായ പയ്യന് വിളിച്ചുപറഞ്ഞപ്പോള്‍ നാട്ടുകാരെല്ലാം ഓടിക്കൂടി. പക്ഷെ അവന് മൂന്നാമതും നാലാമതും വിളിച്ചുപറഞ്ഞപ്പോള്‍ ആരും ഓടിക്കൂടിയില്ല. പിന്നെ ഒരു ദിവസം ശരിക്കും പുലി വന്നപ്പോള്‍ ആരും വന്നില്ലെന്ന് മാത്രമല്ല, ഇടയനെ പുലി പിടിച്ചുതിന്നുകയും ചെയ്തു. ഇത് തന്നെയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ കാര്യവും. ആദ്യത്തെ തവണ അദാനിയ്ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് 2023 ജനവരിയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ ഓഹരി വില ഏകദേശം 15000 കോടി ഡോളര്‍ ആണ് തകര്‍ന്നത് (ഏകദേശം 12.45 ലക്ഷം കോടി രൂപ). എന്നാല്‍ 2024 ആഗസ്തില്‍ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ കാര്യമായി അദാനി കമ്പനികള്‍ക്ക് ക്ഷീണമുണ്ടായിട്ടില്ല.
ഹിന്‍ഡന്‍ബര്‍ഗിന്റെ ആദ്യ ആരോപണങ്ങളില്‍ 99ശതമാനവും തെറ്റാണെന്ന് സെബി കണ്ടുപിടിച്ചിരുന്നു
അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ 99 ശതമാനം ആരോപണങ്ങളും ശരിയല്ലെന്ന് സെബി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇന്ത്യയിലെ ഒരു കോര്‍പറേറ്റ് കമ്പനിയ്ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തി അവരുടെ വിപണി മൂല്യം 15000 കോടി ഡോളറോളം ഇല്ലാതാക്കിയ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കന്‍ ധനകാര്യസ്ഥാപനത്തിന് സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് ഇതുവരെ മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല, ഇതിനൊന്നും മറുപടി പറയാനുള്ള നിയമപരമായ ഒരു ബാധ്യതയും അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന (ഇന്ത്യന്‍ സര്‍ക്കാരിനോ ഇവിടുത്തെ സ്ഥാപനങ്ങള്‍ക്കോ അമേരിക്കയുടെ നിയമാധികാരത്തിന്റെ പരിധിക്കുള്ളില്‍ കടന്നുകയറാന്‍ അധികാരമില്ല എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് നല്കുന്ന വിശദീകരണം) കമ്പനിക്കില്ലെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് നല്കുന്ന ഉത്തരം. അപ്പോള്‍ ഇന്ത്യയ്ക്കകത്തുള്ള കോര്‍പറേറ്റ് കമ്പനികളെ നുണകള്‍ പറഞ്ഞ് തകര്‍ക്കാന്‍ എന്ത് അധികാരമാണ് ഹിന്‍ഡന്‍ബര്‍ഗിനുള്ളത് എന്ന മറുചോദ്യമാണ് അദാനിയും സെബിയും ചോദിക്കുന്നത്. ഇപ്പോള്‍ പഴയ കാരണം കാണിക്കല്‍ നോട്ടീസ് കാട്ടി വിരട്ടണ്ട എന്ന നിലയിലാണ് ഹിന്‍ഡന്‍ ബര്‍ഗ് സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അതിനെ വാഴ്ത്തിപ്പാടാന് ഇന്ത്യയില്‍ ഒരു രാഹുല്‍ ഗാന്ധിയുമുണ്ട്. ഓഹരി വിപണിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം പോലുമറിയാത്ത ഒരു നേതാവ്.
കൊടകിനെ കുടുക്കാനും ഹിന്‍ഡന്‍ബര്‍ഗ് ശ്രമിച്ചു
ഇനി കഴിഞ്ഞ രണ്ട് മാസം മുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് കൊടക് മഹീന്ദ്ര ബാങ്കിനെയും അദാനിയുമായി ബന്ധപ്പെടുത്തി ആരോപണവലയില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കൊടക് മഹീന്ദ്രബാങ്ക് തിരിച്ചടിച്ചതോടെ ഹിന്‍ഡന്‍ബര്‍ഗ് അന്ന് പത്തിമടക്കി.കൊടക് മഹീന്ദ്ര ബാങ്കിന്റെ ഉടമസ്ഥന് ഉദയ് കൊടക് നേര്‍വഴിയെ പോകുന്ന ഒരു ബിസിനസുകാരനാണ്. അമിതമായ ലാഭത്തില്‍ വിശ്വസിക്കാതെ മര്യാദ ലാഭമെടുത്ത് മുന്നോട്ട് പോകുന്ന ബിസിനസുകാരന്. അധികം റിസ്കെടുക്കാതെ തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയ ഉദയ് കൊടക് ആരാണെന്ന് ഹിന്‍ഡന്‍ബര്‍ഗിന് അറിയില്ലായിരുന്നു. അതാണ് പറ്റിപ്പോയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദയ് കൊടകിനെക്കുറിച്ച് അറിയുന്നതിനാല്‍ അവരും കൊടകിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന്മേല് കാര്യമായ ബഹളം ഉണ്ടാക്കിയില്ല.
കിംഗ് ഡന് കാപിറ്റല്‍ ഇന്‍വെസ്റ്റ് മെന്റിന്റെ ഒരു ഉപകമ്പനിയായ കിംഗ് ഡന് ഓഫ് ഷോര്‍ മാസ്റ്റര്‍ ഫണ്ട് കൊടകുമായി ബന്ധപ്പെട്ട മൗറീഷ്യസ് ആസ്ഥാനമായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴി അദാനിയുടെ ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തിരുന്നു എന്നത് നേരാണ്. എന്നാല്‍ കിംഗ് ഡന് ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധമുണ്ടോ എന്ന കാര്യം കൊടക് മഹീന്ദ്ര ബാങ്കിന് അറിയില്ലായിരുന്നു. ഇതിന്റെ പേരിലാണ് ഹിന്‍ഡന്‍ബര്‍ഗ് എന്ന ഷോര്‍ട് സെല്ലിംഗ് സ്ഥാപനത്തിന്റെ ഉടമ ആന്ഡേഴ്സന് കൊടക് ബാങ്കിനെ ചെളിവാരിയെറിയാന്‍ നോക്കിയത്.
നിക്കോളാസ് കിംഗ്ഡന്, ഹിന്‍ഡന്‍ബര്‍ഗ് ഉടമ ആന്ഡേഴ്സന് എന്നിവര്‍ ജോര്‍ജ്ജ് സോറോസിന്റെ കണ്ണികളോ?
കിംഗ് ഡന് കാപിറ്റല്‍ ഉടമ നിക്കോളാസ് കിംഗ് ഡന്, ഹിന്‍ഡന്‍ ബര്‍ഗ് ഉടമ ആന്ഡേഴ്സന് എന്നിവര്‍ ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വലിയ പദ്ധതിയിലെ കണ്ണികളാണോ എന്ന സംശയവും പുറത്തുവരുന്നുണ്ട്. ഇവര്‍ മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ വേണ്ടി കോടികള്‍ ഒഴുക്കുന്ന ജോര്‍ജ്ജ് സോറോസ് ശൃംഖലയിലെ കണ്ണികളാണോ എന്നും സംശയം ഉയരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അദാനിയെയും സര്‍ക്കാരിനെയും ക്രൂശിക്കാന്‍ സുപ്രീംകോടതിയില്‍ യുദ്ധം ചെയ്ത രണ്ട് അഭിഭാഷകരായിരുന്നു പ്രശാന്ത് ഭൂഷണും അഭിഷേക് മനു സിംഘ് വിയും. അദാനി-ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും സെബിയ്ക്കെതിരെ നടപടി വേണമെന്നും വാദിച്ച പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും കടുത്ത മോദി വിരോധിയുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നിന്നും ഈ കേസില്‍ കണക്കിന് വിമര്‍ശനം കിട്ടിയിരുന്നു. ഇക്കുറി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെയാണ് പ്രശാന്ത് ഭൂഷണെതിരെ തിരിഞ്ഞത്. ഈ കേസില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡില്‍ നിന്നും മാത്രമല്ല, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്നും പ്രശാന്ത് ഭൂഷണ് കണക്കിന് കിട്ടി. അദാനിയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടും ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) റിപ്പോര്‍ട്ടും വേദപുസ്തകം പോലെ കണക്കാക്കാനാവില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.
ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനി അദാനിയ്ക്കെതിരെ 2023 ജനവരിയില്‍ ആരോപണം ഉന്നയിക്കാന്‍ പോകുന്നതിന് മുന്‍പ് പല നിക്ഷേപകര്‍ക്കും ഈ റിപ്പോര്‍ട്ട് കാണിച്ചിരുന്നു. ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം മുതലെടുപ്പ് നടത്താനാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനിയ്ക്കെതിരെ നടത്താന്‍ പോകുന്ന ആരോപണങ്ങളുടെ റിപ്പോര്‍ട്ട് പലര്‍ക്കും നല്‍കിയത്. അതില്‍ പലര്‍ക്കും കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ട്. അതെല്ലാം ഇനിയും അന്വേഷണത്തില്‍ തെളിയേണ്ടതാണ്. എന്തായാലും ഇന്ത്യ പഴയ ഇന്ത്യയല്ല എന്ന് ഹിന്ഡന്ബര്ഗിനെപ്പോലെയുള്ളവര് മനസ്സിലാക്കിയാല്‍ നന്ന്. പുതിയ മോദിയുടെ ഇന്ത്യയില്‍ ബുദ്ധിയല്പം കൂടിയവരാണ് ഉള്ളത്. അവര്‍ പുക പൊങ്ങിയാല്‍ അതിന് പിന്നില്‍ തീയുണ്ടെന്നും ആരാണ് ആ തീയിടുന്നതെന്നും കൃത്യമായി തിരിച്ചറിയും എന്ന് രാഹുല്‍ ഗാന്ധിയും ഹിന്‍ഡന്‍ബര്‍ഗും അറിഞ്ഞാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: