ന്യൂദല്‍ഹി: സാന്താള്‍ പര്‍ഗാന മേഖലയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ ‘സ്പെഷ്യല്‍ ബ്രാഞ്ച്’ രൂപീകരിക്കണമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി.
നുഴഞ്ഞുകയറ്റ പ്രശ്നം സുപ്രീം കോടതി ബാഹ്യ ആക്രമണമായി കണക്കാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജംഷഡ്പൂര്‍ സ്വദേശിയായ ദനിയാല്‍ ഡാനിഷ് എന്ന അഭിഭാഷകനാണ് ഇത് സംബന്ധിച്ച് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ബംഗ്ലാദേശില്‍ നിന്ന് വ്യാപകമായ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോഡ്ഡ, ജംതാര, പാകൂര്‍, ദുംക, സാഹിബ്ഗഞ്ച്, ദിയോഘര്‍ എന്നീ ജില്ലകളിലാണ് ബംഗ്ലാദേശികള്‍ അനധികൃതമായി എത്തുന്നത്. ബംഗാളിന്റെ അതിര്‍ത്തിയിലുള്ള ജില്ലകളില്‍ നുഴഞ്ഞുകയറ്റക്കാര്‍ വന്‍തോതില്‍ മുസ്ലീം പള്ളികളും മദ്രസകളും സ്ഥാപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വ്യക്തമാക്കി.
ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സുജിത് നാരായണ്‍ പ്രസാദ്, ജസ്റ്റിസ് അരുണ്‍ കുമാര്‍ റായ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാന്താള്‍ പര്‍ഗാന മേഖലയിലെ വനവാസി ജനസംഖ്യയുടെ ശതമാനം ‘കുത്തനെ കുറഞ്ഞു’ എന്ന് ഹര്‍ജിയില്‍ പറയുന്നു. 1951-ല്‍ 44.67% ആയിരുന്നത് 2011-ല്‍ 28.11% ആയി കുറഞ്ഞു. ഇതിനു വിപരീതമായി, മുസ്ലീം ജനസംഖ്യ പലമടങ്ങ് വര്‍ധിച്ചു. അത് 1951-ല്‍ 9.44% ആയിരുന്നത് 2011-ല്‍ 22.73% ആയി കുതിച്ചുയര്‍ന്നു.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ സ്വദേശി സ്ത്രീകളെ വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തുകയും ഇഷ്ടദാനം മുഖേന അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നതായും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: