ദല്‍ഹി : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതി രാഹുലിനെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. പന്തീരാങ്കാവ് പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ചാണ് നടപടി.
സുരക്ഷാ സേനയാണ് ഇയാളെ തടഞ്ഞ് വെച്ച ശേഷം ദില്ലി പൊലീസിന് കൈമാറിയത്.എന്നാല്‍ കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം ഇയാളെ പിന്നീട് വിട്ടയച്ചു. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്. ജര്‍മനിയില്‍ ഒളിവിലായിരുന്ന രാഹുല്‍ കോടതിയില്‍ ഹാജരാകാനാണ് നാട്ടില്‍ തിരിച്ചെത്തിയത്.
നവവധുവിനെ ക്രൂരമായി പീഡിപ്പിച്ചതിന് പിന്നാലെ കേസടുത്തതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു രാഹുല്‍.കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പറവൂര്‍ സ്വദേശി യുവതിയെ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ അതിക്രൂമായി മര്‍ദിച്ചെന്നാണ് കേസ്.
അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും ഭര്‍ത്താവില്‍ നിന്നു നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ യുവതി പിന്നീട് നാടകീയമായി സമൂഹമാധ്യമത്തിലൂടെ മൊഴി മാറ്റി.സ്വന്തം വീട്ടുകാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ആദ്യം ഭര്‍ത്താവിനെതിരെ മൊഴി നല്‍കിയതെന്നാണ് യുവതിയുടെ വാദമെങ്കിലും പിതാവ് ഇത് നിഷേധിച്ച് രംഗത്തെത്തി. യുവതി ഇപ്പോള്‍ ദല്‍ഹിയില്‍ സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
രാഹുലിന്റെ അമ്മ, സഹോദരി, സുഹൃത്ത്, വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച പൊലീസുകാരന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഭര്‍ത്താവിന്റെ ഭീഷണിയും സമ്മര്‍ദ്ദവുമാണ് യുവതി മൊഴി മാറ്റാന്‍ കാരണമെന്ന സത്യവാംഗ്മൂലം പൊലീസ് ഹൈക്കോടതിക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: