‘കിളി’ എന്ന വാക്ക് സ്ഥിരം പ്രയോഗിക്കുന്നത് കണ്ട് ഗിരീഷ് പുത്തഞ്ചേരിയെ കിളിപ്പാട്ടുകാരനെന്ന് വിളിച്ച ബീയാര്‍ പ്രസാദിന്റെ പാട്ടിന്റെ പല്ലവിയില്‍ മാത്രം 40 കിളികള്‍…
തിരുവനന്തപുരം: മണ്‍മറഞ്ഞുപോയ ഗാനരചയിതാക്കളാണ് ഗിരീഷ് പുത്തഞ്ചേരിയും ബീയാര്‍ പ്രസാദും. പണ്ട് ഒരു ടിവി ചാനലിന് വേണ്ടി നടന്‍ സിദ്ധിഖ് നടത്തിയ അഭിമുഖത്തില്‍ ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ വിരിഞ്ഞത് രസകരമായ സംഭാഷണം.
ബീയാര്‍ പ്രസാദിനെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി: “ഒരു കോമഡീണ്ട്. എന്റെ പാട്ടുകളില്‍ ഞാന്‍ പ്രാവ്, കിളി എന്നൊക്കെ ഇടയ്‌ക്കിടക്ക് പ്രയോഗിക്കും. ഇത് കേട്ട് പ്രസാദ് (ബീയാര്‍ പ്രസാദ്) എന്നെ കളിയാക്കും. ഗിരീഷേ, നിന്റെ എല്ലാ പാട്ടിലും ഒരു കിളിണ്ടാവൂല്ലോ. നീ കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ആളാണല്ലോ എന്ന് പറഞ്ഞാണ് ബീയാര്‍ പ്രസാദിന്റെ പരിഹാസം”.
(ഗിരീഷ് പുത്തഞ്ചേരിയുടെ കിളി/പ്രാവ് എന്നീ വാക്കുകളുള്ള ഗാനങ്ങള്‍:
1. കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
2.തളിരണിഞ്ഞൊരു കിളിമരത്തിലെ
കണിമലരേ വാ പൂക്കാലം പൂക്കാലം
3. തെങ്കാശിമേഘം പൂങ്കാറ്റിലാടി… മണമകൾ കിളിക്കുരുന്നരിയ
കുസൃതി കൊണ്ടു മധുരകീർത്തനം പാടി….
4. വെള്ളാരം കിളികൾ വലം വെച്ചു പറക്കും വേനൽ മാസം
മനസ്സിലിതു മഞ്ഞു മാസം
5. തങ്കത്തിങ്കൾക്കിളിയായ് കുറുകാം
താരത്തൂവൽ മെനയാം നനയാം
6. ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ
കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ
7. ചോലക്കിളികൾ മൂളിപ്പാടും കുരുകുക്കുക്കുക്കു
തളിരോലത്തുമ്പിൽ കാറ്റു തുടിയ്‌ക്കും ടിരി റ്റിക് റ്റിക് റ്റിക് റ്റിക്
8. കുഞ്ഞിക്കുയില്‍ കിളിക്കുരുന്നേ
ചെല്ലക്കൂടും കൂട്ടി കൂടെ പോരാം
9. മഞ്ഞക്കിളിയേ കുഞ്ഞിക്കുരുന്നേ മഞ്ഞത്തിരുന്നാടാന്‍ വാവാ
മുല്ലക്കൊടി തന്‍ ചെല്ലത്തണലില്‍ മെല്ലെപ്പതിഞ്ഞാടാന്‍ വാവാ
പിടിച്ചുനില്‍ക്കാന്‍ ഗിരീഷ് പുത്തഞ്ചേരി ബീയാര്‍ പ്രസാദിന് നല്‍കിയ മറുപടി ഇങ്ങിനെ: “എടാ, ഞാന്‍ തുഞ്ചത്തെഴുത്തച്ഛന്റെ കാര്യം ഏറ്റെടുത്തതാണ്. പാവം… മൂപ്പര് മരിച്ചുപോയല്ലോ”.
ഉടനെ ബീയാര്‍ പ്രസാദിന്റെ അടുത്ത പരിഹാസം വരും: “അപ്പോ കിളിപ്പാട്ട് പ്രസ്ഥാനം ഗിരീഷ് രണ്ടാമത് തുടങ്ങാന്‍ പോവാണ്”. അപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി മനസ്സില്‍ പ്രാര്‍ത്ഥിച്ചു- ഗുരുവായൂരപ്പാ ഒരു കിളിയെങ്കിലും ഇവന്റെ(ബീയാര്‍ പ്രസാദിന്റെ) പാട്ടിലും ഉണ്ടാവണേ എന്ന്.
ഒടുവില്‍ ബീയാര്‍ പ്രസാദ് കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ ഒരു പാട്ടെഴുതി. അതില്‍ നിറയെ കിളികളാണ് – ഒന്നാം കിളി, രണ്ടാം കിളി, മൂന്നാം കിളി, നാലാം കിളി, അഞ്ചാം കിളി.. എന്നിങ്ങിനെ….ഞാന്‍ ഒരു കിള്യേ എഴുതീട്ടുള്ളൂ. ഇവന്റെ ഒരു പല്ലവിയില്‍ തന്നെ നാല്‍പത് കിളികള്‍.” -ഗിരീഷ് പുത്തഞ്ചേരി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: