ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ 50,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി ലക്ഷ്യം കൈവരിക്കുമെന്ന് റിപ്പോർട്ട് . 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 6,915 കോടി രൂപയായിരുന്നുവെന്ന് സർക്കാർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിലെ 3,885 കോടി രൂപയേക്കാൾ 78% കൂടുതലാണിത്. ഇതിൽ പൊതുമേഖലയ്‌ക്ക് അറുപത് ശതമാനം പങ്കാളിത്തവും , സ്വകാര്യ മേഖലയ്‌ക്ക് നാല്പത് ശതമാനം പങ്കാളിത്തവുമുണ്ട്.
2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 32.5% വർധിച്ച് ആദ്യമായി 21,000 കോടി രൂപ കടന്നുവെന്നും പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.. 2013-14 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിരോധ കയറ്റുമതി 31 മടങ്ങ് വളർന്നു.
ഇന്ത്യ നിലവിൽ ഏകദേശം 85 രാജ്യങ്ങളിലേക്ക് സൈനിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. 100 ഓളം പ്രാദേശിക സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മിസൈലുകൾ, പീരങ്കി തോക്കുകൾ, റോക്കറ്റുകൾ, കവചിത വാഹനങ്ങൾ, ഓഫ്‌ഷോർ പട്രോളിംഗ് കപ്പലുകൾ, വ്യക്തിഗത സംരക്ഷണ ഗിയർ, വിവിധതരം റഡാറുകൾ, നിരീക്ഷണ സംവിധാനങ്ങൾ, വെടിമരുന്ന് എന്നിവയാണ് കയറ്റുമതി ചെയ്യുന്നതിൽ പ്രധാനപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: