പട്ന: ബിഹാർ ജെഹനാബാദ് ജില്ലയിലെ ബരാവർ കുന്നുകളിലെ ബാബാ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മഖ്ദും പൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. പ്രത്യേക പൂജ നടക്കുന്ന സമയം ക്ഷേത്രത്തിനുള്ളിൽ തിരക്ക് വർദ്ധിക്കുകയായിരുന്നു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാവർഷവും ശ്രാവണ മാസത്തിൽ ക്ഷേത്രത്തിൽവെച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് വിശ്വാസികൾ ഒത്തുകൂടിയത്. ഇതിനിടെയാണ് സംഭവം. പൂ വിൽക്കുന്നയാളുമായുള്ള തർക്കമാണ് ഇത്തരത്തിൽ തിക്കിനും തിരക്കിനും ഇടയാക്കിയതെന്ന റിപ്പോർട്ടുകളുമുണ്ട്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധക്കുറവാണ് ഇത്തരത്തിൽ ആളുകളുടെ ജീവനെടുത്തതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ചില എൻ.സി.സി. വൊളന്റിയർമാർ തിരക്ക് നിയന്ത്രിക്കാൻ കൈയിൽ ഉണ്ടായിരുന്ന വടി വിശ്വാസികൾക്ക് നേരെ പ്രയോഗിച്ചതായും ഇത് കൂടുതൽ പ്രതിസന്ധിസൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന ആരോപണം അധികൃതർ തള്ളി.
തിരക്ക് നിയന്ത്രിക്കാൻ എൻ.സി.സി. വൊളന്റിയർ ലാത്തി ഉപയോഗിച്ചു എന്ന ആരോപണം എസ്.ഡി.ഒ. (സബ് ഡിവിഷണൽ ഓഫീസർ) വികാസ് കുമാർ തള്ളി. അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇതൊരു അപ്രതീക്ഷിത അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജഹാനാബാദ് ജില്ല മജിസ്ട്രേറ്റ് അലങ്കൃത പാണ്ഡെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: