ന്യൂദല്‍ഹി: മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനായാണ് രാജിവച്ചതെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളില്‍ ചവിട്ടി ഭരണത്തിലേറാനാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍, ഞാന്‍ അതിന് അനുവദിച്ചില്ല. പ്രധാനമന്ത്രിപദത്തില്‍ നിന്ന് ഞാന്‍ രാജിവച്ചിരിക്കുകയാണ്’,ഭാരതത്തിലേക്ക് രക്ഷപ്പെടുന്നതിനു മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയാറാക്കിയ പ്രസംഗത്തില്‍ ഹസീന പറയുന്നു.
കലാപകാരികള്‍ തൊട്ടരികെ എത്തിയതോടെയാണ് എത്രയും പെട്ടെന്ന് രക്ഷപ്പെടാന്‍ ഷെയ്ഖ് ഹസീനയോട് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്യാതെ അവര്‍ക്ക് ബംഗ്ലാദേശ് വിടേണ്ടിവന്നത്. ഭാരതത്തിലുള്ള ഷെയ്ഖ് ഹസീനയുടെ അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ ദേശീയമാധ്യമങ്ങളുമായി പങ്കുവച്ചത്.
‘സെന്റ് മാര്ട്ടിന് ദ്വീപിന്റെ പരമാധികാരം അടിയറവയ്ക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു. തീവ്രവാദികളാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമായേനെ.
ഞാന്‍ സ്വയം മാറുകയാണ്. നിങ്ങളായിരുന്നു എന്റെ ബലം. നിങ്ങള്‍ക്കെന്നെ വേണ്ടാതായി, അതിനാല്‍ ഞാന്‍ പോകുന്നു’, തയാറാക്കിയ പ്രസംഗത്തില്‍ ഹസീന തുടര്‍ന്നു.
പ്രതീക്ഷ കൈവെടിയരുതെന്ന് അവാമി ലീഗിന്റെ പ്രവര്‍ത്തകരോട് ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന പറഞ്ഞു. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അവാമി ലീഗ് തിരിച്ചുവന്നിട്ടുണ്ട്. താന്‍ ഉടന്‍ തിരിച്ചുവരും. പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചു. എന്റെ പിതാവും എന്റെ കുടുംബവും ജനങ്ങള്‍ക്കുവേണ്ടിയാണ് ഇല്ലാതായത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാനായി അമേരിക്ക ആസൂത്രിതമായ നീക്കം നടത്തിയെന്നാണ് ഹസീനയുടെ ആരോപണം.
സംവരണവിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ താനൊരിക്കലും റസാക്കറുകള്‍ എന്ന് വിളിച്ചിട്ടില്ലെന്നും അവര്‍ വിശദീകരിക്കുന്നു. ‘ഞാനൊരിക്കലും നിങ്ങളെ റസാക്കറുകള്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ല. എന്റെ വാക്കുകള്‍ വളച്ചൊടിച്ച് ബോധപൂര്‍വ്വം നിങ്ങളെ അവര്‍ പ്രകോപിപ്പിക്കുകയായിരുന്നു. ആ പ്രസംഗം പൂര്‍ണമായും കേള്‍ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’ ഹസീന പറഞ്ഞു.
ബംഗ്ലാദേശും മ്യാന്മറും തങ്ങളുടെ സമുദ്രാതിര്‍ത്തി നിര്‍ണയിക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് സെന്റ് മാര്ട്ടിന് ദ്വീപിന്മേല് പരമാധികാര അവകാശവാദം ഉന്നയിച്ചിരുന്നു. ഈ പ്രദേശത്തിന് ചുറ്റുമുള്ള മത്സ്യബന്ധന അവകാശത്തെച്ചൊല്ലിയും ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. 2012ല്‍ ഇന്റര്‍നാഷണല്‍ ട്രൈബ്യൂണല്‍ ഫോര്‍ ലോ ഓഫ് ദ സീ (ഐടിഎല്‍ഒഎസ്) അതിന്റെ വിധിയില്‍ ദ്വീപ് ബംഗ്ലാദേശിന്റെ ഭാഗമാണെന്ന് വിധിച്ചിരുന്നു. പിന്നീട് 2018ല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ മ്യാന്മറിന്റെ പുതിയ ഭൂപടത്തില്‍ ദ്വീപിനെ അതിന്റെ പരമാധികാര പ്രദേശത്തിന്റെ ഭാഗമായി അടയാളപ്പെടുത്തിയിരുന്നു. പിന്നീടിത് തെറ്റ് പറ്റിയതാണെന്ന് മ്യാന്മര് പ്രതികരിച്ചിരുന്നു.
അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഷെയ്ഖ് ഹസീനയുടെ കാലത്ത് വഷളായിരുന്നു. 2024 ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവാമി ലീഗ് അധികാരത്തില്‍ തിരിച്ചെത്തിയത് സ്വതന്ത്രവും നീതിയുക്തവുമായല്ലെന്നും അമേരിക്ക ആരോപിച്ചിരുന്നു. ബംഗ്ലാദേശിലെ ജനാധിപത്യ അവകാശങ്ങളെ മാനിക്കണമെന്ന് പണ്ടേ ആവശ്യപ്പെട്ടിരുന്നതായി ഷെയ്ഖ് ഹസീനയുടെ പുറത്താകലിന് പിന്നാലെ അമേരിക്ക പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: