Literature

പൈതൃക ഉറവകള്‍ തേടി ഒരു പര്യടനം

Published by

ഹത്തരമായ ഹൃദയ സംസ്‌കാരവും സവിശേഷ ജ്ഞാനവും ഉള്‍ക്കൊള്ളുന്നവരാണ് ഭാരതത്തിലെ സംന്യാസിവര്യന്മാര്‍. പുരാതന കാലത്ത് അവര്‍ ഏകാന്ത വാസത്തിലൂടെയും തപോനിഷ്ഠയിലൂടെയും സത്യത്തെ അന്വേഷിച്ചറിഞ്ഞു. സൂക്ഷ്മലോക ശാസ്ത്രജ്ഞരായിരുന്ന അവര്‍ നല്‍കിയ സത്യങ്ങള്‍ ആധുനിക ഭൗതികശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുന്നു. വര്‍ത്തമാനകാലത്ത് സംന്യാസിമാരില്‍ ഏറെപ്പേരും സമൂഹത്തില്‍ത്തന്നെ ജീവിക്കുന്നവരാണ്. സംന്യാസമെന്നത് ബാഹ്യമായ വിട്ടുനില്‍ക്കലല്ല, മനസ്സിലാണല്ലോ അത് സംഭവിക്കേണ്ടത്. ഇങ്ങനെ സമൂഹത്തില്‍ വസിച്ച് പ്രവര്‍ത്തിക്കുന്നവര്‍ കര്‍മ്മയോഗികളാണ്. എന്നാല്‍ ഇവരില്‍ പലരും ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ മടിക്കുന്നവരാണ്. കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ തങ്ങളുടെ മതേതര മുഖം നഷ്ടമാകുമെന്ന ഭീതി.

സംന്യാസിമാര്‍ ധീമാന്മാര്‍ ആയിരിക്കണമെന്നാണ് വൈദികമതം. ‘ധീമാന്‍’ എന്നാല്‍ ബുദ്ധിമാന്‍, ധൈര്യവാന്‍ എന്നൊക്കെയാണ് അര്‍ത്ഥം. സ്വാമി പരമേശ്വരാനന്ദ സരസ്വതി എന്ന പൂര്‍വ്വാശ്രമത്തിലെ സാധുശീലന്‍ പരമേശ്വരന്‍ പിള്ളയാവട്ടെ ഈ രണ്ടര്‍ത്ഥങ്ങള്‍ക്കും മാതൃകയാണ്. ‘കന്യാകുമാരി മുതല്‍ കപിലവസ്തു വരെ’ എന്ന പുസ്തകം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. യാത്രാ വിവരണമാണെങ്കിലും ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തെ സംബന്ധിച്ച ചരിത്രാവബോധവും, സൂക്ഷ്മമായ സാംസ്‌കാരിക വിശകലനവും ഈ ഗ്രന്ഥത്തെ അധികമൂല്യമുള്ളതാക്കുന്നു. യാത്രയിലെ ഓരോ ഘട്ടത്തിലും പൂര്‍വ്വകാല സാംസ്‌കാരിക മഹത്വം ഓര്‍മിപ്പിക്കുന്ന ഗ്രന്ഥകര്‍ത്താവ് തന്റെ നിലപാടുകള്‍ ആര്‍ജവത്തോടെ വെളിപ്പെടുത്തുകയും ചെയ്യുന്നു.

കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കര്‍മയോഗികളില്‍ പ്രമുഖനായിരുന്ന സാധുശീലന്‍ പരമേശ്വരന്‍ പിള്ള ഭാരതീയരുടെ ആത്മീയ പാരമ്പര്യത്തില്‍ ആകൃഷ്ടനായിരുന്ന ജപ്പാനിലെ ബുദ്ധമതക്കാരനായ പ്രൊഫ. കെംക്യോ നിഷിമുറയുമൊരുമിച്ച് 1963 ല്‍ കന്യാകുമാരിയില്‍നിന്നു പുറപ്പെട്ട് ഭാരതത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥസ്ഥാനങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും മൂന്നുമാസം കൊണ്ട് സന്ദര്‍ശിച്ചതിന്റെ വിവരണമാണ് ഗ്രന്ഥത്തിലുള്ളത്. കന്യാകുമാരിയില്‍ നിന്ന് അനന്തശായിയായ ശ്രീപത്മനാഭന്റെ മണ്ണിലേക്കും, പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലേക്കും, അടുത്തുള്ള ശിവഗിരി മഠത്തിലേക്കുമായിരുന്നു ആദ്യ യാത്ര. ആ തീര്‍ത്ഥങ്ങളെക്കുറിച്ച് സ്ഥലവാസികള്‍ക്കുപോലും അറിഞ്ഞുകൂടാത്ത പല കാര്യങ്ങളും ഗ്രന്ഥകാരന്‍ ആദ്ധ്യാത്മിക ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്നു. പിന്നീട് മഹര്‍ഷി അരവിന്ദന്റെയും സുബ്രഹ്മണ്യ ഭാരതിയുടെയും ത്യാഗ തപസ്സുകള്‍കൊണ്ട് ധന്യമായ പോണ്ടിച്ചേരിയുടെ ചരിത്രവും വിശദീകരിക്കുന്നു.

ഓരോ സ്ഥലം സന്ദര്‍ശിക്കുമ്പോഴും അതിന്റെ നാമധേയത്തിന്റെ ഉറവിടം മുതലുള്ള കാര്യങ്ങളും സാംസ്‌കാരിക പ്രാധാന്യവും വിവരിക്കുന്നതില്‍ ഗ്രന്ഥകാരന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മദ്രാസിന്റെ പൂര്‍വ്വനാമം മാദ്രിപുരമാണ്. അംബികാക്ഷേത്രത്തിലെ ‘ചെന്നമ്മ’യില്‍നിന്ന് ‘ചെന്നൈ’ എന്ന പേരുണ്ടായതും, അന്നത്തെ ബോംബെ നഗരത്തിന് ആ പേരു കിട്ടിയത് മുംബാദേവി ക്ഷേത്രനാമത്തില്‍ നിന്നാണെന്നുള്ളതും പലര്‍ക്കും പുതിയ അറിവായിരിക്കും.

എലിഫെന്റാ, അജന്താ-എല്ലോറാ ഗുഹാക്ഷേത്രങ്ങളുടെ അപ്പോഴത്തെ അവസ്ഥയും അവയുമായി ബന്ധപ്പെട്ട ചരിത്രവും, അജന്താ-എല്ലോറാ ഗുഹാക്ഷേത്രങ്ങള്‍ മുഗളന്മാരുടെ ആക്രമണങ്ങളെ അതിജീവിച്ച കഥയും പറയുന്നു. ഗാന്ധിജി ഗ്രാമോദ്ധാരണവും ഹരിജനോദ്ധാരണവും നേരിട്ടു നടപ്പാക്കിയ വാര്‍ധയ്‌ക്കടുത്തുള്ള മാതൃകാഗ്രാമമായ സേവാഗ്രാമം സന്ദര്‍ശിച്ചശേഷം നാഗ്പൂരില്‍ ഡോ. ഹെഡ്‌ഗെവാര്‍ ഭവനില്‍ എത്തി അന്നത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ശ്രീഗുരുജിയെക്കൂടാതെ ബാബാ സാഹെബ് ആപ്‌തേ, ദാദാജി പരമാര്‍ത്ഥ്, ഡി.ബി. ഠേംഗ്ഡി മുതലായവരെ കണ്ടതിന്റെ വിവരണവുമുണ്ട്.

ആഗ്രയിലെത്തിയ ഗ്രന്ഥകാരന്‍ താജ്മഹല്‍ എന്ന ശവകൂടീരം നയനമനോഹരമായി നിര്‍മിച്ചതിനു പിന്നിലെ രക്തച്ചൊരിച്ചിലിന്റെയും കണ്ണീരിന്റെയും കഥ ഓര്‍ക്കുന്നു. അതുപോലെ വേറൊരു രമ്യഹര്‍മ്യം മറ്റാരും നിര്‍മിക്കാതിരിക്കാന്‍ അതിനായി പണിയെടുത്ത എല്ലാ ശില്‍പ്പികളെയും ഷാജഹാന്‍ കൊന്നുകളഞ്ഞ കഥയും വിവരിക്കുന്നു. ശ്രീകൃഷ്ണന്റെ ജന്മ-കര്‍മങ്ങള്‍ കൊണ്ടും പിന്നീട് രാമാനുജാചാര്യന്‍, വല്ലഭാചാര്യന്‍, നിംബര്‍ക്കാചര്യന്‍, ചൈതന്യ മഹാപ്രഭു, മീരാഭായ്, ദയാനന്ദ സരസ്വതി, സൂര്‍ദാസ്, രൂപ-സനാതനന്മാര്‍ തുടങ്ങിയ ആചാര്യന്മാരുടെ വാസംകൊണ്ടും പവിത്രമായിത്തീര്‍ത്ത മഥുരാപു
രി സന്ദര്‍ശിച്ച വേളയില്‍ ശ്രീകൃഷ്ണ ജന്മഭൂമി എപ്രകാരമാണ് പല പ്രാവശ്യം മുസ്ലിം ആക്രമണകാരികളാല്‍ തകര്‍ക്കപ്പെട്ടതെന്ന ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ പൗത്രനായ വജ്രനാഭന്‍ അവിടെ നിര്‍മിച്ച ക്ഷേത്രം മുഹമ്മദ് ഗസ്‌നി, ഔറംഗസേബ് തുടങ്ങിയവര്‍ നശിപ്പിക്കുകയും, ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ട് അതേ സ്ഥാനത്തുതന്നെ പള്ളി പണിഞ്ഞ കഥയും മറ്റും പറയുന്നു. ഇതൊക്കെ ഏറെ ദുഃഖിപ്പിക്കുന്നവയാണെങ്കിലും അവിടത്തെ മണ്ണ് ദിവ്യത്വം കാത്തുസൂക്ഷിക്കുന്നതില്‍ പുറകോട്ടു പോയിട്ടില്ലത്രേ. മഥുര-വൃന്ദാവനങ്ങളിലുള്ളവര്‍ ശ്രീകൃഷ്ണന്റെ ദിവ്യചരിത്രവുമായി അലിഞ്ഞുചേര്‍ന്നു ജീവിക്കുന്നതാണ് കാരണം.

ദല്‍ഹി എന്ന ഇന്ദ്രപ്രസ്ഥം പാണ്ഡവരുടെ തലസ്ഥാന നഗരമായിരുന്നുവെങ്കിലും വൈദേശിക സ്ഥലനാമങ്ങളും ആക്രമണ ചിഹ്നങ്ങളുംകൊണ്ട് ആ സ്മരണപോലും നഷ്ടപ്പെട്ടതായി പുസ്തകം പറയുന്നു. ദുഷ്യന്തന്റെയോ ഭരതന്റെയോ കാലംതൊട്ട് നിചക്ഷു രാജാവിന്റെ കാലംവരെയുള്ള ഏതാണ്ട് രണ്ടര സഹസ്രാബ്ദം കീര്‍ത്തിയോടെ നിലകൊണ്ട നഗരമായിരുന്നു അതെന്ന് ചരിത്രഗവേഷകര്‍ സമ്മതിക്കുന്നു. എന്നാല്‍ മോഹന്‍ജദാരോ, ഹാരപ്പ മുതലായ പൗരാണിക സംസ്‌കാര കേന്ദ്രങ്ങള്‍ ഖനനം ചെയ്തതുപോലെ പുരാവസ്തു ഗവേഷകര്‍ക്ക് ഇന്ദ്രപ്രസ്ഥത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയില്ല. കാരണം അവയ്‌ക്ക് മുകളിലാണ് ആക്രമണകാരികള്‍ സൗധങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നതെന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം വലിയൊരു തിരിച്ചറിവാണ്.

ഹിമാലയത്തിലെ പുണ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമാകുന്ന ഋഷികേശം, ഹരിദ്വാര്‍, പുരാണേതിഹാസ ദ്യുതിയാല്‍ സൂതന്മാര്‍ പ്രഭാപൂരമാക്കിയ നൈമിഷാരണ്യം എന്നിവ ദര്‍ശിച്ച ശേഷം അയോദ്ധ്യാപുരിയിലെത്തുന്ന ഗ്രന്ഥകാരനെ ആ നഗരത്തിന്റെ അന്നത്തെ ജീര്‍ണാവസ്ഥ നിരാശനാക്കുന്നു. രാമജന്മഭൂമിയുടെ ദുരവസ്ഥയിന്മേലുള്ള ഇത്തരം തീര്‍ത്ഥാടകരുടെ വ്യസനവും, പില്‍ക്കാലത്ത് ജീവിതവും ജീവനും ഹോമിച്ച കര്‍സേവകരുടെ ത്യാഗവുമാണല്ലോ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിലേക്ക് സ്ഥിതിഗതികളെ എത്തിച്ചത്.

പവിത്രമായ കുശീനഗരം സന്ദര്‍ശിച്ച് അവിടത്തെ ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും വൈദേശിക ആക്രമണകാരികളാല്‍ കൊള്ളയടിക്കപ്പെട്ട് വിജനപ്രദേശമായി അവശേഷിച്ചതും, പിന്നീട് ഈ പുണ്യ നഗരം പുനരുജ്ജീവിപ്പിക്കപ്പെട്ടതും വിവരിക്കുന്നുണ്ട്. നേപ്പാള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭൂമണ്ഡലത്തിലെ ഏക ഹിന്ദുരാഷ്‌ട്രമായിരുന്ന അവിടെ ഭാരതത്തിലെ ചിലനേതാക്കന്മാര്‍ വിപരീതമായ സ്ഥിതിവിശേഷം ഉണ്ടാക്കിയതും സൂചിപ്പിക്കുന്നു. പിന്നീട് ഗംഗാതടത്തിലെ പുണ്യനഗരമായ കാശിയിലെത്തി വിശ്വനാഥ ക്ഷേത്രത്തിന്റെ ദുര്‍ഗതിയും വ്യക്തമാക്കുന്നു.

ചരിത്രപ്രാധാന്യമുള്ള സാംസ്‌കാരിക നഗരങ്ങളും ആത്മീയ കേന്ദ്രങ്ങളും സന്ദര്‍ശിച്ചശേഷം, കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര അവിടെതന്നെ തിരിച്ചെത്തി അവസാനിപ്പിക്കുന്നു.
മുപ്പത്തിയഞ്ചില്‍പ്പരം കൃതികള്‍ രചിച്ചിട്ടുള്ള സാധുശീലന്‍ പരമേശ്വരന്‍ പിള്ളയുടെ ഈ പുസ്തകത്തിന്റെ നാലാം പതിപ്പ് മകനും പ്രസിദ്ധ സിനിമാ സംവിധായകനുമായ വിജയകൃഷ്ണന്‍ മുന്‍കയ്യെടുത്ത് പുനഃപ്രസിദ്ധീകരിച്ചിട്ടുള്ളത് പുതിയൊരു തുടക്കമാണ്, വായനയുടെ തുടര്‍ച്ചയും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക