കൊല്ലം: കാര്‍ഷിക സംസ്‌കാരം അന്യമാകുന്ന കേരളത്തെ വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം തപസ്യ ഏറ്റെടുക്കണമെന്ന് ചലച്ചിത്ര, നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍. തപസ്യ സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിക്കും സംസ്‌കാരത്തിനും നാം ഊന്നല്‍ നല്കണം. ഗ്രാമങ്ങള്‍ ഉണ്ടെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ പാലക്കാട്ടേക്കും ഇടുക്കിയിലേക്കും പോകേണ്ട അവസ്ഥയാണ് വളരുന്നത്. ഗ്രാമങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം.
കുടുംബബന്ധങ്ങള്‍ തകരുന്ന സംസ്ഥാനമായി കേരളം മാറി. കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. അടിസ്ഥാനപരമായി കാര്‍ഷിക ചിന്തകള്‍ ഇല്ലാത്തതാണ് ഇതിനു കാരണം. പൊതു സ്ഥലങ്ങള്‍ ഏറ്റെടുത്ത് കൃഷിനടത്താന്‍ നമ്മള്‍ തയാറാകണം. ഏറ്റവും താഴെത്തട്ടില്‍ നിന്ന് കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കണം.
നാല് പതിറ്റാണ്ടു മുന്‍പ് കേരളത്തില്‍ നിന്നായിരുന്നു അയല്‍ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറികള്‍ കയറ്റി അയച്ചിരുന്നത്. ഇപ്പോള്‍ വിഷം നിറച്ച പച്ചക്കറികള്‍ കേരളത്തിലേക്ക് എത്തുന്നു. മാറിയ ഭക്ഷണ സംസ്‌കാരം ജനങ്ങളുടെ ജീവിതക്രമങ്ങളെയും മാറ്റിമറിച്ചു. കൃത്രിമ ഭക്ഷണങ്ങളുടെ ലഹരിക്ക് ജനങ്ങള്‍ അടിമകളാകുന്നു.
ബംഗ്ലാദേശില്‍ നടക്കുന്നത് അധികാരകൈമാറ്റമല്ല, ചിലരുടെ അസ്വസ്ഥതകളില്‍ നിന്ന് ഉടലെടുത്തതാണ്. ഭാരതീയന്‍ എന്നതില്‍ നാം ആദ്യം അഭിമാനിക്കണം. അടുത്തകാലത്തായി ഇത് വര്‍ധിച്ചുവരുന്നുണ്ട്. ഭാരതീയര്‍ക്ക് മറ്റു രാജ്യങ്ങളില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നു. അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിപറയുന്നതായും അദ്ദേഹം പറഞ്ഞു.
തപസ്യയില്‍ അംഗമായതിനാലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ഇതുവരെ കടന്നുവന്ന പാത തെറ്റാണോ എന്ന് ചിന്തിക്കേണ്ട കാലമായിരിക്കുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. തപസ്യ സംസ്ഥാന കാര്യാധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസില്‍ നിന്ന് ഇ.എ. രാജേന്ദ്രന്‍ അംഗത്വം ഏറ്റുവാങ്ങി. ചടങ്ങില്‍ പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പൊതുകാര്യദര്‍ശി കെ.ടി. രാമചന്ദ്രന്‍, ഉപാധ്യക്ഷന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍, സംസ്‌കാര്‍ ഭാരതി കേന്ദ്രസമിതി അംഗം കെ. ലക്ഷ്മി നാരായണന്‍, തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. രാജന്‍ബാബു, സംസ്ഥാന സെക്രട്ടറി ആര്‍. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സുവര്‍ണ ജയന്തിയുടെ വൈചാരികമാനം പരിപാടിയില്‍ തപസ്യ കേന്ദ്ര ഭരണസമിതി അംഗം എം. സതീശന്‍ പ്രഭാഷണം നടത്തി. സുവര്‍ണ സമീക്ഷയും പ്രതീക്ഷയും പരിപാടിയില്‍ തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം പ്രഭാഷണം നടത്തി. സംസ്ഥാന ഉപാധ്യക്ഷ ഡോ.വി. സുജാത അധ്യക്ഷയായി. തുടര്‍ന്ന് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
തപസ്യ കുന്നത്തൂര്‍ താലൂക്ക് അധ്യക്ഷന്‍ കെ.വി. രാമാനുജന്‍ തമ്പി അധ്യക്ഷനായി. ഇതിനു ശേഷം കലാസന്ധ്യ, സംഗീത സമന്വയം, മോഹിനിയാട്ടം, പാട്ടരങ്ങ്, ഡോക്യുഫിക്ഷന്‍ എന്നിവ നടന്നു.
ഇന്ന് രാവിലെ 8.30ന് സംഘടന പര്‍വത്തില്‍ തപസ്യ കേന്ദ്ര ഭരണ സമിതി അംഗം എം. ശ്രീഹര്‍ഷന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. 11.30ന് സമാപനസഭയില്‍ ആര്‍എസ്എസ് കേരള സംയുക്ത പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ ഐ.എസ്. കുണ്ടൂര്‍ അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: