കോട്ടയം: കള്ളപ്പണ ഇടപാടില്‍ അകപ്പെട്ടുവെന്നു തെറ്റിദ്ധരിപ്പിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്തയും ഇടതു സഹയാത്രികനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസില്‍ നിന്ന് വന്‍ തുക തട്ടിയെടുത്ത സംഭവത്തില്‍ നിഗൂഢത. തട്ടിപ്പുകാരുടെ വലയില്‍ പെട്ട് രണ്ടു ദിവസത്തോളം വെര്‍ച്ച്വല്‍ വിചാരണ നേരിട്ടുവെന്നാണ് കൂറിലോസ് പറയുന്നത്.
കള്ളപ്പണ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ടിലെ തുക സുപ്രീംകോടതിയിലെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും കേസ് നടപടികള്‍ അവസാനിക്കുമ്പോള്‍ തിരികെ നല്‍കുമെന്നും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തിനു പുറത്തെ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്നും പറഞ്ഞു സിബിഐ ഓഫീസര്‍ എന്നുപറഞ്ഞ് ഒരാള്‍ ഫോണ്‍ വിളിക്കുകയായിരുന്നത്രെ. ഡിജിറ്റല്‍ കസ്റ്റഡിയില്‍ ആണെന്നും വീഡിയോ കോള്‍ ഓണ്‍ ചെയ്തു വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടുമണിക്കൂറോളം ചോദ്യം ചെയ്യുകയും ഓണ്‍ലൈനില്‍ ഒരു ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. തന്റെ ഭാഗത്ത് തെറ്റായ നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ നീതി കിട്ടുമെന്ന് കരുതിയാണ് പണം നല്‍കിയതെന്നാണ് പറയുന്നത്.
ഇദ്ദേഹത്തിന്റെ ഭാഗത്തു തെറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് പണം നല്‍കിയതെന്നും എന്തുകൊണ്ട് പോലീസില്‍ അറിയിച്ചില്ല എന്നുമുള്ള ചോദ്യം അവശേഷിക്കുന്നു. ഇവിടെയാണ് ചില കേന്ദ്രങ്ങള്‍ സംഭവം കള്ളപ്പണ ഇടപാടല്ല, ഹണി ട്രാപ്പാകാമെന്ന സംശയം ഉയര്‍ത്തുന്നത്.
ഇടതു സഹയാത്രികനായിരുന്നിട്ടും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച ഘട്ടത്തില്‍ പ്രകോപിതനായ മുഖ്യമന്ത്രി, ‘പുരോഹിതന്മാര്ക്കിടയിലും വിഡ്ഢികളുണ്ടെന്ന്’ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: