മേപ്പാടി : വയനാട്ടിലെ ദുരന്ത പ്രദേശങ്ങള്‍ കണ്ട് മനസിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനയോഗത്തില്‍ പങ്കെടുത്തു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജന്, എ കെ ശശീന്ദ്രന്, പി എ മുഹമ്മദ് റിയാസ്, ഒ ആര് കേളു, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഡോ. ശെയ്ഖ് ദര്‍വേശ് സാഹെബ്, ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ, എഡിജിപി എം ആര് അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..
ചീഫ് സെക്രട്ടറി ഡോ വേണു അവലോകനയോഗത്തില്‍ പ്രധാനമന്ത്രിക്ക് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയും പുനരധിവാസത്തിന് സ്വീകരിക്കേണ്ട നടപടികളും വിശദീകരിച്ചു. നാശനഷ്ടത്തിന്റെ കണക്കുകളും വിവരിച്ചു. നാല്പത് മിനിട്ടാണ് യോഗം നീണ്ടത്.
നേരത്തേ ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മല നടന്നുകണ്ട പ്രധാനമന്ത്രി ക്യാമ്പിലെത്തി അവിടെ കഴിയുന്നവരുമായും സംസാരിച്ചു. അവരെ ആശ്വസിപ്പിച്ച അദ്ദേഹം ആശുപത്രിയിലെത്തി ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും കണ്ടു. കല്പറ്റയില് നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. വെള്ളാര്‍മല സ്കൂളിന്റെ പിറകുവശത്തെ തകര്‍ന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീ, എഡിജിപി എം.ആര്.അജിത് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി നടന്ന റോഡിന് സമീപം നിരവധി വീടുകളുണ്ടായിരുന്നെങ്കിലും ഉരുള്‍ പൊട്ടലിന് ശേഷം ഈ ഭാഗം നിറയെ കല്ലുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇതേ വഴി തന്നെ തിരിച്ചെത്തിയശേഷം ബെയ്ലി പാലത്തിലൂടെ നടന്നും നിരീക്ഷണം നടത്തി. ദൗത്യസംഘവും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചു.
കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് വയനാട്ടിലേക്ക് എത്തിയത്. ആദ്യം ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയശേഷം കല്പറ്റയില് ഹെലികോപ്റ്റര്‍ ഇറങ്ങി റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകുകയായിരുന്നു. വ്യോമനിരീക്ഷണം നടത്തിയശേഷം ദുരന്തഭൂമി നടന്നു കാണുകയും ചെയ്തു.
മടങ്ങേണ്ട സമയം കഴിഞ്ഞിട്ടും പ്രധാനമന്ത്രി കളക്ടറേറ്റിലെ അവലോകന യോഗത്തില്‍ ഇരുന്നു സംസ്ഥാന ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങള്‍ കേട്ടു. ചൂരല്‍ മലയിലും നിശ്ചയിച്ചിരുന്നതിനേക്കാള്‍ ഏറെ സമയം പ്രധാനമന്ത്രി ചെലവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: