തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. താന്‍ മുന്നോട്ട് വച്ച 100 ദിന കര്‍മ്മ പദ്ധതിയില്‍ പരാമര്‍ശിക്കപ്പെട്ട ഒരു പ്രധാന നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നതിന്റെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇതാണ് കാര്യം’ എന്ന പേരില്‍ തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതി രൂപകല്‍പ്പന ചെയ്തിരുന്നു. ഇതില്‍ തീരദേശത്തിന്റെ വികസനത്തിനായി മുന്നോട്ട് വച്ച 100 ദിന കര്‍മ്മ പദ്ധതിയില്‍ പരാമര്‍ശിക്കപ്പെട്ട ഒരു പ്രധാന നിര്‍ദ്ദേശമാണിത്. ഇത് കൂടി സജീവമാകുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ നിഷ്ക്രിയതക്ക് ശേഷം ഹാര്‍ബര്‍ പദ്ധതിക്ക് ജീവന് വച്ചു കാണുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സാമുദായിക നേതാക്കളുള്‍പ്പെടെ തീരദേശ ജനതയെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്ത് അവരുമായി സുതാര്യമായ ചര്‍ച്ചകള്‍ നടത്തണം. ഇതിന് ശേഷമാകണം വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. തീരദേശവാസികളുടെ ജീവിതത്തെ ബാധിക്കുന്ന പദ്ധതി സംബന്ധിച്ച ആഘാത പഠനം നടത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി സംസ്ഥാന സര്‍ക്കാരിനോട് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
പ്രോജക്റ്റ് അന്തിമമാക്കുന്നതിന് മുമ്പ് തന്നെ ആഘാത പഠനം പൂര്‍ത്തിയാക്കണം. തീരദേശവാസികളുള്പ്പെടെയുള്ള തിരുവനന്തപുരം ജനതയുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ പരമാവധി വേഗത്തില്‍ നടപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: