കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത രണ്ട് തെങ്ങ് ഇനങ്ങളും രണ്ട് കൊക്കോ ഇനങ്ങളും പുറത്തിറക്കുന്നു. കല്പ സുവര്‍ണ, കല്പ ശതാബ്ദി എന്നീ തെങ്ങിന് തൈ ഇനങ്ങളും വിടിഎല്‍ സിഎച്ച്1, വിടിഎല്‍ സിഎച്ച്2 എന്നീ കൊക്കോ തൈ ഇനങ്ങളുമാണ് പുതിയതായി പുറത്തിറക്കുന്നത്. ഇവ ഉള്‍പ്പെടെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത 109 പുതിയ വിളകള്‍ 11ന് ന്യൂദല്‍ഹിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
കല്പ സുവര്‍ണ: കല്പ സുവര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന ഈ തെങ്ങിന് ഇനം കുള്ളന്‍ തരത്തില്‍പ്പെടുന്ന ഒന്നാണ്. ധാരാളം തേങ്ങ ഉത്പാദിപ്പിക്കുന്ന ഇനമാണിത്. മധുരമുള്ള ഇളനീരും നല്ല നിലവാരമുള്ള കൊപ്രയും പ്രത്യേകതയാണ്. നല്ല പരിചരണം നല്കിയാല് ഒരു തെങ്ങില്‍ നിന്ന് വര്‍ഷം 108 മുതല്‍ 130 വരെ തേങ്ങ ലഭിക്കും. കേരളത്തിലും കര്‍ണാടകയിലും ഈ തെങ്ങ് കൃഷി ചെയ്യാന്‍ അനുയോജ്യമാണ്.
കല്പ ശതാബ്ദി: കല്പ്പ ശതാബ്ദി എന്നത് ഉയരം കൂടിയ ഒരു തെങ്ങിന് ഇനമാണ്. വലിയ കായ്കളുള്ള ഈ ഇനം ഇളനീര്, ഗുണനിലവാരമുള്ള കൊപ്ര ഉത്പാദനത്തിന് അനുയോജ്യം. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുള്ള തേങ്ങയില്‍ 612 മില്ലി ലിറ്റര്‍ വെള്ളം ലഭിക്കും. വര്‍ഷം ഒരു തെങ്ങില്‍ നിന്ന് 105 മുതല്‍ 148 വരെ തേങ്ങ ലഭിക്കും. കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ കൃഷി ചെയ്യാം.
വിടിഎല്‍ സിഎച്ച് 1: വിടിഎല്‍ സിഎച്ച് 1
എന്ന പേരില്‍ അറിയപ്പെടുന്ന ഈ കൊക്കോ ഇനം വേഗത്തില്‍ കായ്ക്കുന്ന തരത്തിലുള്ളതാണ്. ഇടത്തരം ചെടിയായ ഇത് കവുങ്ങിനും തെങ്ങിനും ഇടയില്‍ നന്നായി വളരും. ഒരു വര്‍ഷം ഒരു ചെടിയില്‍ നിന്ന് 1.5 മുതല്‍ 2.5 കിലോഗ്രാം വരെ കൊക്കോ ലഭിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഇവയ്ക്ക് ഒരു ഗ്രാം മുതല്‍ 1.1 ഗ്രാം വരെ തൂക്കമുണ്ടാവും. രോഗത്തെയും വണ്ടിനെയും പ്രതിരോധിക്കുന്ന ഈ ഇനത്തിന് വെള്ളം കുറഞ്ഞ സാഹചര്യങ്ങളെയും താങ്ങാനാകും. കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ്.
വിടിഎല്‍ സിഎച്ച് 2: വിടിഎല്‍ സിഎച്ച് 2 എന്ന പേരില്‍ അറിയപ്പെടുന്ന ഈ കൊക്കോ ഇനം വേഗത്തില്‍ കായ്ക്കുന്ന തരത്തിലുള്ളതാണ്. അടക്കയും തെങ്ങും തണലില്‍ നന്നായി വളരുന്ന ഇത് രോഗത്തെ പ്രതിരോധിക്കുന്നതില്‍ മികച്ചതാണ്. ഒരു വര്‍ഷം ഒരു ചെടിയില്‍ നിന്ന് 1.5 മുതല്‍ 2.5 കിലോഗ്രാം വരെ കൊക്കോ ലഭിക്കും. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: