ധാക്ക: ബംഗ്ലാദേശ് ഒരു കുടുംബം പോലെയാണ്. അതിനെ ഒരുമിപ്പിക്കണമെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്. ഇവിടെ എന്ത് പ്രതിസന്ധിയുണ്ടെങ്കിലും അതിനെ ഇല്ലാതാക്കണം. വഴിതെറ്റിപ്പോയവരെ തിരിച്ചു കൊണ്ടുവരണം. അതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇടക്കാല സര്‍ക്കാരിന്റെ ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന. പാരിസില്‍ നിന്ന് ഇങ്ങോട്ടേക്കെത്തുമ്പോള്‍ ഇവിടെ ക്രമസമാധാനം തകര്‍ന്നെന്നാണ് കേള്‍ക്കാനിടയായത്. ആളുകള്‍ മറ്റുള്ളവരെ ആക്രമിക്കുന്നു, വീടുകള്‍ കത്തിക്കുന്നു, വസ്തുവകകള്‍ നശിപ്പിക്കുന്നു, കോടതികളും, ഓഫീസുകളും ആക്രമിക്കുന്നു, ന്യൂനപക്ഷങ്ങെളയും ഹിന്ദുക്കളെയും ബുദ്ധിസ്റ്റുകളെയും ക്രൈസ്തവരെയും അഹമ്മദീയരെയും ആക്രമിക്കുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. എല്ലാവരെയും സംരക്ഷിക്കുകയാണ് നമ്മുടെ ജോലി, അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ചുമതല ഒരു വെല്ലുവിളിയാണ്. അത് സ്വീകരിക്കാന്‍ തയാറാണ്. ഈ സ്വാതന്ത്ര്യം നമ്മള് സംരക്ഷിക്കണം. അതുമാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തെ ഓരോരുത്തര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം, സ്വാതന്ത്ര്യത്തിന്റെ മൂല്യം നഷ്ടമാകും. സ്വാതന്ത്ര്യത്തിന്റെ സാരാംശം എല്ലാവരിലുമെത്തിക്കുകയെന്നത് നമ്മുടെ പ്രതിജ്ഞയാണ്, പ്രതിബദ്ധതയാണ്. ജനങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റത്തിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അവര്‍ അറിയുന്നുവെന്ന് ഉറപ്പാക്കണം, അദ്ദേഹം വിശദീകരിച്ചു.
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പലായനത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റത്. വിദ്യാര്‍ത്ഥി നേതാക്കളായ ആസിഫ് മഹ്മൂദ്, നഹിദ് ഇസ്ലാം എന്നിവരും ഈ സര്‍ക്കാരിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: