തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകള്‍ അടക്കം സര്‍ക്കാര്‍ ശമ്പളം നല്കുന്ന മുഴുവന്‍ വിദ്യാലയങ്ങളിലെയും നിയമനം പിഎസ്സിക്ക് വിടണമെന്ന് ഖാദര്‍ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നല്കിയിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ റിപ്പോര്‍ട്ടില്‍ അപ്രായോഗിക നിര്‍ദേശങ്ങളുണ്ടെന്നും പരിശോധിച്ച് നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിലപാട് മാറ്റി.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി അധ്യാപക നിയമനത്തിനും കാലോചിതമായ മാറ്റങ്ങളുണ്ടാകണമെന്നാണ് ഖാദര്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്. ഏറ്റവും മികച്ച അധ്യാപകരെ ഉറപ്പാക്കണമെങ്കില്‍ അധ്യാപന അഭിരുചിയുള്ളവരെ കണ്ടെത്തി നിയമിക്കണം. അതിനായി എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണം. അധ്യാപക നിയമനത്തിനായി ടീച്ചര്‍ റിക്രൂട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം. പിഎസ്‌സിക്കോ സ്വതന്ത്രസംവിധാനം എന്ന നിലയിലോ ബോര്‍ഡ് രൂപീകരിക്കാം. ഒഴിവുള്ള തസ്തികകളുണ്ട് എന്ന് വിദ്യാഭ്യാസാധികാരികള്‍ നോട്ടിഫൈ ചെയ്താല്‍ മാത്രമേ മാനേജര്‍ നിയമനം നടത്താവൂ. എയ്ഡഡ് സ്‌കൂള്‍ അധ്യാപകനിയമനം സോഫ്റ്റ്‌വെയര്‍ ‘സമന്വയ’ വഴി മാത്രം ചെയ്യണം. നിലവിലുള്ള നിയമനരീതി തുടരുകയാണെങ്കില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് പുറത്താകുന്ന അധ്യാപകരെ മറ്റ് എയ്ഡഡ് സ്‌കൂളുകളിലേക്ക് നിയമിക്കണം. ഇതിനായി വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്യണമെന്നുമാണ് കമ്മിഷന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് എന്‍എസ്എസ്, എംഇഎസ് തുടങ്ങിയ സംഘടനകള്‍ പ്രതികരിച്ചിരുന്നു. പിന്നാലെ പല നിര്‍ദേശങ്ങളും അപ്രായോഗികമെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത് എത്തി. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടുന്നത് ചര്‍ച്ചചെയ്‌തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്‌കൂള്‍ സമയമാറ്റം കേരളത്തില്‍ പ്രായോഗികമല്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക