മുംബൈ: 3954 കോടി രൂപ കൂടി മുടക്കി തമിഴ്നാട് ആസ്ഥാനമായ ഇന്ത്യാ സിമന്‍റ്സിന്റെ 32 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് സിമന്‍റ്സ്. ഇതോടെ എന്‍.ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്‍റ്സിനെ നിയന്ത്രിക്കാവുന്ന വിധത്തില്‍ അള്‍ട്രാടെകിന്റെ ആകെ ഓഹരികള്‍ 55 ശതമാനമായി ഉയര്‍ന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനായിരുന്ന എൻ ശ്രീനിവാസനാണ് 1989 മുതൽ ഇന്ത്യ സിമന്‍റ്സിന്റെ ഉടമ. ഇക്കഴിഞ്ഞ ജനുവരിയിൽ എൺപത് വയസ്സ് പിന്നിട്ട അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി. എന്നാൽ ഭാര്യ ചിത്ര ശ്രീനിവാസനും മകളായ രൂപ ഗുരുനാഥിനും ഇന്ത്യ സിമന്‍റ്സ് കമ്പനി ഏറ്റെടുത്ത് നടത്താൻ താത്പര്യം ഇല്ലാതിരുന്നതോടെയാണ് കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ ഓഹരികള്‍ കുമാര്‍ മംഗളം ബിര്‍ള ചെയര്‍മാനായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സിമന്‍റ് കമ്പനിയായ അള്‍ട്രാടെക് സിമന്‍റ്സ് വാങ്ങുകയായിരുന്നു. ഇന്ത്യാ സിമന്‍റ്സിന്റെ 23 ശതമാനത്തോളം ഓഹരികള്‍ നേരത്തെ തന്നെ അള്‍ട്രാടെക് സിമന്‍റ്സ് സ്വന്തമാക്കിയിരുന്നു. അതേസമയം ചെന്നൈ സൂപ്പർ കിംഗ് സ് എന്ന ഐപിഎല്‍ ക്രിക്കറ്റ് ടീമിന്റെ ഓഹരികൾ ശ്രീനിവാസൻ വില്‍ക്കാന്‍ തയ്യാറായിട്ടില്ല.
ഇതോടെ ദക്ഷിണേന്ത്യയിലേക്കും അള്‍ട്രാടെക് സിമന്‍റ്സിന്റെ സ്വാധീനം വര്‍ധിച്ചു. നേരത്തെ സിമന്‍റ് രംഗത്ത് ചെറു സിമന്‍റ് കമ്പനികളെ ഏറ്റെടുത്ത് അതിവേഗം വളരാന്‍ ശ്രമിക്കുന്ന അദാനിയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് കുമാരമംഗളം ബിര്‍ള. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ അള്‍ട്രാടെക് സിമന്‍റ്സ് തന്നെയാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ സിമന്‍റ് കമ്പനി. ഇതിനെ വെല്ലാനാണ് അദാനി ശ്രമിക്കുന്നത്. അംബുജ സിമന്‍റ്സ്, എസിസി സിമന്‍റ്സ് എന്നിവ ഏറ്റെടുത്താണ് അദാനി സിമന്‍റ് രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തെലുങ്കാനയിലെ സാംഘി സിമന്‍റ്സിനെയും പെന്ന സിമന്‍റ്സിനേയും അദാനി ഏറ്റെടുത്തു. ഇപ്പോള്‍ പെന്ന സിമന്‍റ്സ് വഴി ശ്രീലങ്കയിലേക്കും കടന്നിരിക്കുകയാണ് അദാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: