കലവൂര്‍: സംസ്ഥാനത്തെ പൊതുമേഖലയിലുള്ള ഏക അലോപ്പതി മരുന്നുനിര്മാണശാലയെ കെഎസ്ഡിപിയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സ്വകാര്യ മരുന്നു കമ്പനികളില്‍ നിന്നും വന്‍തോതില്‍ മരുന്നു വാങ്ങുന്നതായി ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും. ഇന്ന് രാവിലെ 10ന് ധര്‍ണ സമരം പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഈ സ്ഥാപനത്തിന് ഓര്‍ഡറുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.
ഇതിനാല്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) ഏതു സമയത്തും അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഭരണകക്ഷിയിലെ പ്രധാന യൂണിയനായ സിഐടിയു നേതാക്കള്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയ്ക്കായി മരുന്ന് സംഭരണം നടത്തുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് (കെഎംഎസ്സിഎല്) ആണ് സ്വകാര്യ മരുന്നു കമ്പിനികള്ക്കുവേണ്ടി കെഎസ്ഡിപിയെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള മരുന്നു ശേഖരണം നടത്തുന്നത്. ഈ വിഷയം ആരോഗ്യം, ധനകാര്യം, വ്യവസായം എന്നീ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍ ഗൗരവമായ ഈ വിഷയം അവതരിപ്പിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടായില്ല.
കഴിഞ്ഞ വര്‍ഷം കെഎംഎസ്സിഎലിന് മരുന്ന് നല്കിയ വകയില്‍ 33 കോടിയിലധികം രൂപ കെഎസ്ഡിപിയ്ക്ക് നിലവില്‍ നല്കുവാനുണ്ട്. ഈ സന്ദര്‍ഭത്തിലാണ് കെഎസ്ഡിപിയെ തഴഞ്ഞ് സ്വകാര്യ കമ്പനികള്‍ക്ക് യഥേഷ്ടം ഓര്‍ഡറുകള്‍ നല്‍കുന്നത്.ആരോഗ്യ വകുപ്പിന്റെ അടുക്കളയന്ന് വിശേഷിപ്പിക്കുന്ന കെഎസ്ഡിപിക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ 30 ശതമാനം മാത്രം മരുന്നുകളുടെ ഓര്‍ഡര്‍ നല്കിയാല് ഈ പൊതുമേഖലാ സ്ഥാപനത്തെ നല്ല നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നിരിക്കേയാണ് സ്ഥാപനത്തോട് വിവേചന നയം സ്വീകരിക്കുന്നത്. ആരോഗ്യ – വ്യവസായ – ധനകാര്യ വകുപ്പുകളുടെ തികഞ്ഞ അനാസ്ഥയില്‍ തൊഴിലാളികള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയരുന്നു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം സി. ബി. ചന്ദ്രബാബുവാണ് സ്ഥാപനത്തിന്റെ ചെയര്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: