ജമ്മു : ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി മാറിയതിന്റെ അഞ്ചാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പ്രദേശത്ത് ആരംഭിച്ച വികസനത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരു സമഗ്ര രേഖ പുറത്തിറക്കി. ലഡാക്ക് ഇപ്പോൾ സ്വതന്ത്രമായി അതിന്റെ വികസനത്തിന് വഴിയൊരുക്കുന്നതായി ഔദ്യോഗിക കുറിപ്പിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് (പിഎംഡിപി) കീഴിൽ ലഡാക്കിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്. രണ്ട് പദ്ധതികൾ പൂർത്തീകരിച്ചു, ബാക്കി ആറെണ്ണം വിവിധ ഘട്ടങ്ങളിലാണ്.
ലഡാക്കിന്റെ സർവതോന്മുഖമായ വികസനത്തിന്, 2020-21, 2021-22, 2022-23, 2023-24 വർഷങ്ങളിൽ ബജറ്റ് വിഹിതം 5958 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശത്ത് സിന്ധു ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (സിഡ്‌കോ) സ്ഥാപിച്ചു. 25 കോടി രൂപയുടെ മൂലധനത്തോടെ കോർപ്പറേഷൻ അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ വികസനത്തിനും പ്രോത്സാഹനം നൽകുമെന്നും രേഖയിൽ പറയുന്നു.
സിന്ധു സെൻട്രൽ യൂണിവേഴ്‌സിറ്റി എന്ന പേരിൽ ഒരു കേന്ദ്ര സർവ്വകലാശാല സ്ഥാപിക്കുന്നുണ്ടെന്നും അത് കൂട്ടിച്ചേർത്തു. ഗവൺമെൻ്റ് ഡിഗ്രി കോളേജ് ഖൽത്സെയുടെ കാമ്പസിനുള്ളിലാണ് ഇടക്കാല കാമ്പസ് സ്ഥാപിച്ചിരിക്കുന്നത്. കാർഗിലിൽ 170 കിടക്കകളുള്ള ആശുപത്രി പ്രവർത്തനസജ്ജമായി.
ശ്രീനഗർ-ലേ 220 കെവി ട്രാൻസ്മിഷൻ ലൈൻ പൂർത്തിയായി. 1310 കോടി രൂപ ചെലവിൽ ഒരു പവർ ട്രാൻസ്മിഷൻ ലൈൻ, 220 കെവി ഇൻട്രാ സ്റ്റേറ്റ് ട്രാൻസ്മിഷൻ ലൈൻ, അതായത് കാർഗിൽ-പടം (195.28 കി.മീ), പ്യാങ്-ഡിസ്കിറ്റ് (77.60 കി.മീ) എന്നിവയ്‌ക്ക് അംഗീകാരം ലഭിച്ചു. ശ്രീനഗർ-ലേ ഹൈവേയിൽ സോജില ടണലിന്റെ പണിയും പുരോഗമിക്കുകയാണ്.
കേന്ദ്രഭരണപ്രദേശം രൂപീകരണത്തിന് ശേഷം 823.42 കിലോമീറ്റർ റോഡ് നിർമ്മിക്കുകയും ബ്ലാക്ക് ടോപ്പ് ചെയ്യുകയും ചെയ്തു. 36 ഹെലിപാഡുകളുടെയും രണ്ട് ഹാംഗറുകളുടെയും ജോലികൾ ആരംഭിച്ചു. അതിൽ 30 ഹെലിപാഡുകളുടെയും രണ്ട് ഹാംഗറുകളുടെയും ജോലി പൂർത്തിയായതായി രേഖയിൽ പറയുന്നു.
ശൈത്യകാലത്ത് കാർഗിൽ-സൻസ്കർ റോഡും ലഡാക്കിന്റെ ഇൻ്റീരിയർ റോഡുകളും തുറന്നിടാൻ 156 സ്നോ ക്ലിയറൻസ് മെഷീനുകൾ സർക്കാർ വാങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: