കല്‍പ്പറ്റ: ഇനിയെന്ത്? ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാഴ്ചയാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ ഓരോരുത്തരുടെയും മുഖത്തെ ചോദ്യമാണിത്.
ഉടുവസ്ത്രവുമായെത്തിയവരാണ് ഇവരെല്ലാം. മറ്റൊന്നും കൈയിലില്ല. തിരിച്ചുപോകാനിടമില്ല. ക്യാമ്പുകളിലെ ചിലര്‍ മാത്രം രക്ഷാപ്രവര്‍ത്തകരുടെ വാഹനത്തിലും കിലോമീറ്ററുകള്‍ നടന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചൂരല്‍മലയിലെത്തി. അവിടം കണ്ട് നെഞ്ചുപൊട്ടിക്കരയാനേ ഇവര്‍ക്കായുള്ളൂ. ആകെയുണ്ടായിരുന്ന കൂര എവിടെയായിരുന്നെന്നു പോലും തിരിച്ചറിയാനാകാത്ത സ്ഥിതി.
മലവെള്ളപ്പാച്ചിലില്‍ നിന്നു കര കയറിയവരും ദുരന്തത്തലേന്നു മാറിത്താമസിച്ചവരുമെല്ലാം ഇതില്‍പ്പെടും. ഒരു രാത്രി കൊണ്ട് അനാഥരാക്കപ്പെട്ട നൂറുകണക്കിനാളുകള്‍. പ്രിയപ്പെട്ടവരുടെ ഓര്‍മയ്ക്കായി ഒന്നും ശേഷിപ്പിക്കാതെയാണ് ആ കറുത്ത രാത്രി കടന്നുപോയത്. തിരിച്ചു ക്യാമ്പിലെത്തുന്ന ഇവര്‍ക്ക്, പുറകിലെ ചെമ്പ്ര മലനിരകളെ നോക്കി നെടുവീര്‍പ്പിടാനേ കഴിയൂ.
‘ഞങ്ങള്‍ക്കെല്ലാം അറിയാം. ഇന്നു കാണുന്ന ആളും ആരവുമൊക്കെ നാളെ അവസാനിക്കും. ഞങ്ങള്‍ ഒറ്റയ്ക്കാകും. ദുരന്ത ഭൂമിയിലേക്കു തിരിച്ചുപോകാന്‍ അവിടെയൊന്നുമില്ല. ഇനിയെങ്ങനെ ജീവിക്കുമെന്നോര്‍ത്ത് ഉറക്കമില്ലാ രാത്രികളാണ്, ഇവര്‍ പറയുന്നു.
സ്വദേശികള്‍ക്കു പുറമേ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇവരില്‍ മുമ്പുണ്ടായിരുന്ന പലരെയും കാണാതെയുമായി. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാകുകയും ഒരാള്‍ മരിച്ചെന്നുമാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. കാണാതായവരുടെ നാട്ടിലെ കുടുംബാംഗങ്ങളോടു മറുപടി പറയാന്‍ പോലും പറ്റുന്നില്ല രക്ഷാപ്രവര്‍ത്തകര്‍ക്ക്. ഇന്നല്ലെങ്കില്‍ നാളെ അവരെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ ബന്ധുക്കള്‍.
വര്‍ഷങ്ങളായി നാടുവിട്ടെത്തി മലമുകളില്‍ അധ്വാനിച്ചു സമ്പാദിച്ചതെല്ലാം ഉരുള്‍ കൊണ്ടുപോയി. ഇനി നാട്ടിലേക്ക് എങ്ങനെ പോകും? ഇവിടെ നിന്നാല്‍ എങ്ങനെ ജീവിക്കും? ഇതാണ് ഇവിടെയുള്ളവരുടെ ആശങ്ക. ജീവിക്കാന്‍ ഒരിടം വേണം, തല ചായ്ക്കാന്‍ ആര്ഭാടമൊന്നുമില്ലാത്ത ഒരു കൂര വേണം, ഇത് ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ അവകാശവും ആവശ്യവുമല്ല, അധികൃതരോടുള്ള അപേക്ഷയാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: