Kerala

സുരേഷ് ഗോപിയങ്കിളിനെ കണ്ടു, അവന്തിക അവരോട് എങ്ങനെ പറയും! അവളുടെ നിഷ്‌കളങ്കമായ ചിരി ചുറ്റിലുമുളളവരെ കണ്ണീരണിയിച്ചു

Published by

മേപ്പാടി: സിനിമകളിലും ടിവി ചാനലുകളിലും കണ്ട് കൊതിതീരാത്ത സുരേഷ് ഗോപിയങ്കിളിനെ കണ്ടപ്പോള്‍ അവന്തികയ്‌ക്ക് ഏറെ സന്തോഷം. ബാന്‍ഡേജ് കെട്ടിയ കാലിലെയും മുഖത്തും കണ്ണിനുമേറ്റ മുറിവിലെയും വേദന എല്ലാം മറന്ന് അവള്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ചൂരല്‍മല ദുരന്തത്തില്‍ പരിക്കേറ്റവരെ കാണാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കണ്ടുനിന്നവര്‍ക്ക് എന്തു പറയണമെന്നറിയാത്ത നിമിഷങ്ങള്‍. അച്ഛനും അമ്മയും ചേച്ചിയും ദുരന്തത്തില്‍ മരിച്ചെന്ന കാര്യം അവന്തികക്കറിയില്ല! ദുരന്തത്തിന്റെ ആഘാതമെത്രയെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തിലുള്ള കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചിരി ചുറ്റിലുമുളളവരെ കണ്ണീരണിയിച്ചു. മോള്‍ക്ക് എന്താണ് വേണ്ടതെന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിനും ചിരി മാത്രം മറുപടി.

ആശുപത്രിയില്‍ വെച്ച് സുരേഷ് ഗോപിയങ്കിളിനെ കണ്ടെന്ന് ചേച്ചിയായ അച്ചുവിനോട് പറയാന്‍ കൊതിക്കുകയായിരിക്കും അവള്‍. എന്നാല്‍ ആ കാളരാത്രിയില്‍ തന്റെ പ്രിയപ്പെട്ടവരെല്ലാം മരിച്ചുവെന്ന് അവള്‍ക്കറിയില്ലല്ലോ. അവന്തികയുടെ അച്ഛന്‍ പ്രശോഭ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. അമ്മ വിജയലക്ഷ്മി തേയിലക്കമ്പനി ജീവനക്കാരിയും. മുണ്ടക്കൈ എസ്റ്റേറ്റ് പാടിയിലായിരുന്നു താമസം. വേളാര്‍മല സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അവന്തിക. അതേ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ചേച്ചി.

അവന്തികയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നഴ്സുമാരുടെ സ്നേഹപരിചരണത്തിലാണവള്‍. കണ്ണിന്റെ പരിക്ക് സാരമുള്ളതല്ല. കാലിന്റെ ഓപ്പറേഷന്‍ വ്യാഴാഴ്ച കഴിഞ്ഞു. വിംസ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വാര്‍ഡിലെ 1534 നമ്പര്‍ കിടക്കയില്‍ നിന്ന് ഡിസ്ചാര്‍ജായി പുറത്ത് പോകുമ്പോള്‍ അമ്മയെവിടെയെന്ന് ചോദിച്ചാല്‍ എന്തു മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ് അവളെ പരിചരിക്കുന്ന നഴ്സുമാര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by