വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും മറ്റുതരത്തിലുള്ള കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചവരുടെയും കുടുംബങ്ങളെ സഹായിക്കാന്‍ വന്‍തോതിലുള്ള സഹായങ്ങളാണ് പല കോണുകളില്‍ നിന്നും പ്രവഹിക്കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമൊക്കെ ഇക്കാര്യത്തില്‍ ഒരേമനസാണ്. ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് പണം നല്‍കിയും വീടുകള്‍ വച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തും നിരവധി പേരാണ് രംഗത്തുള്ളത്. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍, സര്‍ക്കാര്‍ ചെയ്യുമെന്ന് പറയുന്നതിനെക്കാള്‍ നിരവധി കാര്യങ്ങള്‍ ദുരന്തബാധിതര്‍ക്കുവേണ്ടി ചെയ്യാമെന്ന് മറ്റുള്ളവര്‍ വാഗ്ദാനം നല്‍കിയിരിക്കുകയാണ്. മോഹന്‍ലാലിനെപ്പോലെ സിനിമാരംഗത്തുള്ളവരും, യൂസഫലിയെയും പി.ആര്.സി. മേനോനെയും കല്യാണരാമനെയും ഡോ. ബി. ഗോവിന്ദനെയും പോലെ ബിസിനസ് മേഖലയിലുള്ളവരും എന്‍എസ്എസിനെപ്പോലുള്ള സന്നദ്ധസംഘടനകളും ഇതിനോടകം തന്നെ വലിയ സഹായങ്ങള്‍ നല്‍കുകയോ നല്‍കുമെന്ന് പ്രഖ്യാപിക്കുകയൊ ചെയ്തു കഴിഞ്ഞു. ‘വയനാടിനൊരു കൈത്താങ്ങ്’ എന്ന പേരില്‍ ദേശീയ സേവഭാരതിയുടെ ആഭിമുഖ്യത്തില്‍ വലിയൊരു നിധിസമാഹരണം നടക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ തീരെ അപര്യാപ്തമായ കാര്യങ്ങളാണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത്. ഇതു മറച്ചുപിടിക്കാനെന്നോണം മറ്റുള്ളവര്‍ മനസ്സറിഞ്ഞ് നല്കുന്ന സഹായങ്ങളും സേവനങ്ങളും തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാവുന്നുവെന്ന് പറയാതിരിക്കാനാവില്ല.
ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനെക്കുറിച്ച് തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനെ ചുറ്റിപ്പറ്റി ഒരു വിവാദം പൊട്ടിപ്പുറപ്പെടുകയുണ്ടായി. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെക്കുറിച്ചായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകാരണവശാലും സംഭാവന നല്‍കരുതെന്നും, അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കില്ലെന്നും വകമാറ്റി ചെലവഴിക്കുമെന്നും വ്യാപകമായ പ്രചാരണമാണ് സമൂഹമാധ്യങ്ങളിലൂടെ നടന്നത്. ഇതുവഴി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. എന്നാല്‍ ദുരിതാശ്വാസ നിധിയെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് മന്ത്രിമാരും സാംസ്കാരികരംഗത്തുള്ള ചിലരും പ്രതികരിക്കുകയും ചെയ്തു. ഇതില്‍ ആരു പറയുന്നതാണ് ശരിയെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യില്ലെന്ന് മന്ത്രിമാര്‍ക്കും മറ്റും പറയേണ്ടി വന്നതുതന്നെ എന്തുകൊണ്ടാണ്? ഇടതുമുന്നണിയുടെ ഭരണത്തില്‍ അങ്ങനെ സംഭവിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഒരു പ്രമുഖ സിപിഎം നേതാവിന്റെ ഗണ്മാന് മരിച്ചപ്പോഴും, മരണമടഞ്ഞ മറ്റ് ചില രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്കും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തത് വലിയ വിവാദമാവുകയുണ്ടായി. പ്രത്യക്ഷത്തില്‍ തന്നെ തെറ്റായ ഈ നടപടിയെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദുരിതാശ്വാസ നിധിയിലേക്ക് രാഷ്ട്രീയം നോക്കാതെ സംഭാവന ചെയ്തവരെ വഞ്ചിക്കുകയാണ് ഇതുവഴി പിണറായി സര്‍ക്കാര്‍ ചെയ്തത്.
നികുതിപ്പണം ചെലവഴിക്കുന്നതില്‍ യാതൊരു സുതാര്യതയും പുലര്‍ത്താത്ത, അങ്ങനെയൊന്നിന്റെ ആവശ്യമില്ലെന്ന് കരുതുകയും ചെയ്യുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതി മോടിപിടിപ്പിക്കല്‍, അവരുടെ ചികിത്സാ ചെലവ്, വിദേശയാത്രകള്‍, നവകേരള സദസിനെപ്പോലുള്ള പാര്‍ട്ടി-സര്‍ക്കാര്‍ സംയുക്ത പരിപാടികള്‍, പാര്‍ട്ടി താല്പര്യം മുന്‍നിര്‍ത്തിയുള്ള കേസ് നടത്തിപ്പുകള്‍, സേവനത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ലക്ഷങ്ങള്‍ ശമ്പളം നല്കി ഏതെങ്കിലും ലാവണത്തില്‍ കുടിയിരുത്തല്‍ എന്നിങ്ങനെ നികുതിപ്പണം വാരിക്കോരി ചെലവഴിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. പ്രളയസഹായത്തില്‍പ്പോലും പാര്‍ട്ടി നേതാക്കള്‍ കയ്യിട്ടുവാരുകയുണ്ടായി. ഇക്കാരണത്താലാണ് വയനാടിന്റെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ചിലര്‍ക്കൊക്കെ പറയേണ്ടിവരുന്നത്. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നത് സര്‍ക്കാര്‍ വഴിയാവണമെന്ന് ഒരു നിബന്ധനയുമില്ല. ഇക്കാര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും തട്ടിപ്പുകാണിച്ചാല്‍ അത് അന്വേഷിക്കാന്‍ സര്‍ക്കാരിന് കഴിയും. കേരളം സമീപകാലത്ത് അനുഭവിച്ച സുനാമി, പ്രളയം, പുതുമല, കവളപ്പാറ ദുരന്തങ്ങളിലൊന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനം കുറ്റമറ്റതായിരുന്നില്ല. സര്‍ക്കാര്‍ നിര്‍മിച്ച സുനാമി ഫഌറ്റുകള്‍ ഇപ്പോഴും ചോര്‍ന്നൊലിക്കുകയാണ്. വയനാട്ടില്‍ രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ലൈഫ് പാര്‍പ്പിട പദ്ധതിയെപ്പോലെ ഇതും അഴിമതിക്കാവരുത്. ദുരിതാശ്വാസ നിധിയായാലും ടൗണ്‍ഷിപ്പ് നിര്‍മാണമായാലും എല്ലാം സുതാര്യമായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: