പാരിസ്: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ഭാരതത്തിന് മോശം വാര്‍ത്ത. സൂപ്പര്‍ താരം ലക്ഷ്യ സെന്‍ സെമിയില്‍ വീണു. ഇതോടെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് പൊന്ന് എന്ന ലക്ഷ്യം വീണ്ടും അകന്നു.
ഇന്നലെ നടന്ന സെമിയില്‍ ഡെന്മാര്ക്കിന്റെ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ വിക്ടര്‍ അക്സെല്‍സനോടാണ് ഭാരത താരം ലക്ഷ്യ സെന്‍ പരാജയപ്പെട്ടത്. സ്കോര്‍: സ്കോര്‍: 20-22, 21-14. ലക്ഷ്യ ഇനി വെങ്കലത്തിനായി പോരാടും. ഇന്നാണ് പോരാട്ടം. മലേഷ്യയുടെ ലീ സീ ജിയയാണ് എതിരാളി. പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെല്ലാം തോറ്റു പുറത്തായിരുന്നു. ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ചിരാഗ്-സാത്വിക് സഖ്യവും നേരത്തേ പുറത്തായിരുന്നു.
രണ്ട് ഗെയിമിലും ലീഡ് നേടിയ ശേഷമാണ് ലക്ഷ്യ പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 11-9നും പിന്നീട് 15-9നും ലീഡെടുത്ത ലക്ഷ്യ 17-12 എന്ന നിലയിലും മുന്നിലായിരുന്നു. പിന്നീട് ശക്തമായി തിരിച്ചടിച്ച അക്സല്സന് സ്കോര്‍ 20-20 എന്ന നിലയിലെത്തിച്ചശേഷം 22-20ന് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും സ്വപ്നതുല്യമായ തുടക്കമായിരുന്നു ലക്ഷ്യയുടേത്. 5-0, 7-0, 8-3 എന്നിങ്ങനെ വ്യക്തമായ ലീഡോടെ മുന്നേറിയ ലക്ഷ്യയെ തൊട്ടുപിന്നാലെ അക്സല്സന് തളച്ചു. 11-10ലേക്ക് ലക്ഷ്യയുടെ ലീഡ് താഴ്ത്തിയ ഡെന്മാര്ക്ക് താരം, പിന്നീട് ഒരു ഘട്ടത്തിലും ഭാരത താരത്തെ തിരിച്ചുവരാന്‍ അനുവദിച്ചില്ല. പിന്നീട് 15-13നു മുന്നില്‍ക്കയറിയ താരം ഒരു പോയിന്റ് കൂടി മാത്രം വിട്ടുകൊടുത്ത് 21-14ന് മത്സരം സ്വന്തമാക്കി. ഫൈനില്‍ നിലവിലെ ലോകചാമ്പ്യന് തായ്ലന്‍ഡിന്റെ കുന്‍ലാവത് വിറ്റിഡ്സനാണ് വിക്ടര്‍ അക്സെല്‍സന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: