പാരിസ്: പാരീസ് ഒളിംപിക്സ് ബോക്സിങ്ങില്‍ ഭാരതത്തിന് സമ്പൂര്‍ണ നിരാശ. തുടര്‍ച്ചയായ രണ്ടാം ഒളിംപികസ് മെഡല്‍ സ്വപ്നം കണ്ടിറങ്ങിയ ലവ്ലിന ബോര്‍ഗോഹെയ്നും ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഇത്തവണത്തെ ഒളിംപിക്സ് ബോക്സിങ്ങില്‍ ഭാരതത്തിന് സമ്പൂര്‍ണ നിരാശയായത്.
ഇന്നലെ വനിതാ ബോക്സിങ് 75 കിലോ ഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലവ്ലിന ബോര്ഗോഹെയ്ന് ചൈനയുടെ ലി ക്വിയാനോടു തോറ്റു. 1-4നാണ് ചൈനീസ് താരത്തിന്റെ വിജയം. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ലവ്ലിന വെങ്കലം നേടിയിരുന്നു. നേരത്തെ അമിത് പംഗലും നിഖാത് സരിനും പ്രീതി പവാറും ജാസ്മിനെ ലംബോറിയയും നിഷാന്ത് ദേവും പരാജയപ്പെട്ട് പുറത്തായിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രി നടന്ന മത്സരത്തിലാണ് നിഷാന്ത് ദേവി പുറത്തായത്. 71 കി.ഗ്രാം പുരുഷ ബോക്സിങ്ങില്‍ മെക്സിക്കോയുടെ മാര്‍കൊ വെര്‍ദെ അല്‍വാരസിനോടാണ് 4-1ന് ഭാരതതാരം പരാജയപ്പെട്ടത്. എന്നാല്‍ വെര്‍ദെയുടെ വിജയം വിവാദമായിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ടിലും ഭാരതത്തിനായിരുന്നു ആധിപത്യം.നിഷാന്തിന്റെ പഞ്ചുകള്‍ നേരിടാന്‍ കഴിയാതെ ഉഴലുന്ന മെക്സിക്കന്‍ താരത്തെയാണ് ആദ്യ രണ്ട് റൗണ്ടുകളില്‍ കാണാന്‍ കഴിഞ്ഞത്. എന്നാല്‍ മൂന്നാം റൗണ്ടില്‍ മെക്സിക്കന്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. മത്സരം അവസാനിച്ചശേഷവും നിഷാന്ത് ശുഭപ്രതീക്ഷയിലായിരുന്നു. എന്നാല്‍ മെക്സിക്കന്‍ ബോക്സറെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ നിഷാന്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കുറച്ച് സമയം റിങ്ങില്‍ തുടര്‍ന്ന ശേഷം നിഷാന്ത് കണ്ണീരോടെ മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: