വയനാട് :മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ട് തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ ഒരുമിച്ച് സംസ്കരിച്ചു.
മേപ്പാടിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളില്‍ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയിലാണ് ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലെത്തിച്ചത്. സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് എട്ട് പേര്‍ക്കും ആദരവോടെ വിട നല്‍കിയത്.
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയപ്പെടാത്ത 67 മൃതദേഹങ്ങളില്‍ എട്ട് പേരെയാണ് ഒരേ മണ്ണില്‍ കുഴിയെടുത്ത് അടക്കം ചെയ്തത്. മറവ് ചെയ്ത മൃതദേഹങ്ങള്‍ നാളെ ആരെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ കൃത്യമായ നമ്പറുകള്‍ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്.
ക്യാമ്പുകളില്‍ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
നേരത്തെ തിരിച്ചറിയാത്ത 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. അഴുകിത്തുടങ്ങിയ എട്ട് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഒടുവില്‍ തീരുമാനമായി. പുത്തുമലയില്‍ കഴിഞ്ഞ തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജനവാസമില്ലാത്ത പ്രദേശത്താണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്. ഇതിനായി 64 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: