പുത്തുമല: ദുരന്തത്തിന്റെ ആഴം എത്രയെന്ന് വെളിപ്പെടുത്തുന്നതാണ് തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ എന്ന കണക്കില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയാത്ത 67ല്‍ മൃതദേഹങ്ങളായി 27 എണ്ണമേ ഉള്ളൂ. ബാക്കി 40 ഉം മൃതദേഹങ്ങളുടെ ഗണത്തില്‍ പെടുത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒരു അവയവം മാത്രമേയുള്ളൂ. പക്ഷെ ഈ അവയവങ്ങളുടെ സ്വഭാവത്തില്‍ നിന്നും ഓരോന്നും വ്യത്യസ്തരായ മനുഷ്യരുടേതാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോസ്ഥരുമെല്ലാം ചേര്‍ന്ന് തിട്ടപ്പെടുത്തിയെന്ന് മാത്രം. പക്ഷെ സംസ്കരിക്കുമ്പോള്‍ ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാകും സംസ്കരിക്കുക.
ഈ 67 ഉം തിരിച്ചറിയാന്‍ കഴിയാത്ത വിധം പരിക്കേറ്റവയാണ്. മുഖമോ ശരീരഭാഗങ്ങളോ നോക്കി ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം അംഗഭംഗം വന്നവയോ രൂപം നഷ്ടപ്പെട്ടവയോ ആണ്.
പ്രളയം മരങ്ങളും ഇരുമ്പുകഷണങ്ങളും പാറക്കല്ലുകളും വഹിച്ച് ഒരു സ്പീഡ് കാര്‍ പായുന്ന വേഗതയില്‍ പായുമ്പോള്‍ ഇവയില്‍ ഇടിച്ച് ഒപ്പം ഒഴുകിപ്പോയ മനുഷ്യന്റെ ദേഹത്തില്‍ ആഴത്തിലുള്ള ക്ഷതങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. ചാലിയാറിലും മറ്റും പൊന്തിയ മൃതദേഹങ്ങള്‍ മീന്‍കൊത്തി വികൃതമായവും വെള്ളംകുടിച്ച് ചീര്‍ത്തവയുമാണ്.
ഞായറാഴ്ച അഴുകിത്തുടങ്ങിയ, ഇനിയും കാത്തുവെയ്‌ക്കാന്‍ കഴിയാത്ത എട്ട് മൃതദേഹങ്ങളാണ് സംസ്കാരിക്കുക. ബാക്കിയുള്ള അടുത്ത ദിവസം തന്നെ സംസ്കരിക്കും. കൂട്ടസംസ്കാരം നടത്താന്‍ ഒന്നിച്ച് മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കുഴിയെടുപ്പ് പുരോഗമിക്കുകയാണ്. സർവ്വമത പ്രാർത്ഥനയ്‌ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് കുഴികൾ എടുക്കുന്നത്. സംസ്കാരത്തിനായി 64 സെന്‍റ് സ്ഥലമാണ് റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി അളന്നു തിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: