കൽപ്പറ്റ : മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കണ്ടുകിട്ടിയ എന്നാല്‍ തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങളില്‍ എട്ടെണ്ണം ഞായറാഴ്ച തന്നെ സംസ്കരിക്കും. റവന്യൂ മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. അഴുകിത്തുടങ്ങിയതിനാലാണ് ഇവ സംസ്കരിക്കുന്നതെന്നും രാജന്‍ പറഞ്ഞു.
67 മൃതദേഹങ്ങളും ഒന്നിട്ട് അടക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.. ഒരേ നാട്ടിൽ ജീവിച്ച് ഒരുമിച്ച് ദുരന്തം കവർന്നെടുത്തവർക്ക് ഒന്നിച്ച് അന്ത്യ വിശ്രമമൊരുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി.
എന്നാല്‍ അഴുകിത്തുടങ്ങിയതിനാല്‍ എട്ട് മൃതദേഹങ്ങൾ ഉടനെ സംസ്കരിക്കാമെന്ന് തീരുമാനിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. എട്ട് മൃതദേഹങ്ങള്‍ സര്‍വ്വമതപ്രാര്‍ത്ഥനയോടെ അടക്കാന്‍ തീരുമാനിച്ച് കുഴിയെടുത്തെങ്കിലും വീണ്ടും സ്ഥലത്ത് മഴപെയ്തത് തിരിച്ചടിയായി. മഴ തുടരുകയാണെങ്കിൽ സംസ്കാരച്ചടങ്ങുകൾ ഇനിയും വൈകും.
നിലം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരത്തി സംസ്കരിക്കുന്നതിനുള്ള കുഴികൾ എടുത്തു. കൂട്ട സംസ്കാരം നടത്തുന്നതിന് മുകളിലെ ഭൂമിയിലായി സർവ്വമത പ്രാർത്ഥന നടത്താനുള്ള പ്ലാറ്റ്ഫോമും തയ്യാറാക്കി. റവന്യു ഉദ്യോഗസ്ഥർ സംസ്കാരത്തിന് മാത്രമായി 64 സെന്‍റ് സ്ഥലം അളന്നു തിരിച്ചിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: