ചൂരല്‍മല: രണ്ടുദിവസമായി റേഷന്‍കട തുറന്നിട്ടുണ്ട്. ആവശ്യത്തിന് അരിയും കരുതിയിട്ടുണ്ട്; 60 ക്വിന്റല്‍. ആരെങ്കിലും വാങ്ങാന്‍ വരുമെന്ന് കരുതി, ആരും വന്നിട്ടില്ല, ഇനി ആരെങ്കിലും വരുമോ? ആരെങ്കിലുമൊക്കെ ഉണ്ടാകില്ലേ… അബ്ദുള്‍ സലാം ചോദിക്കുന്നു.
ചൂരല്‍മല പാലത്തിനു ചുവട്ടില്‍ ഇരുകരകളിലായി റേഷന്‍ കട നടത്തിയിരുന്നത് സലാമും എന്‍. മനോജുമാണ്. അവര്‍ താമസിക്കുന്നത് അപകടം നടന്ന സ്ഥലത്തുനിന്ന് കഷ്ടിച്ച് 50 മീറ്റര്‍ അകലെ. പുഴ വഴിമാറിയൊഴുകിപ്പോയതിനാല്‍ വീട്ടിലേക്ക് വെള്ളമെത്തിയില്ല. വെള്ളാര്‍മലയിലെ പുതിയ സ്കൂള്‍കെട്ടിടത്തില്‍തട്ടി പുഴ വേറേ വഴിക്ക് ഒഴുകുകയായിരുന്നു. എആര്‍ഡി 44 ആയിരുന്നു സലാമിന്റെ കട.
ആവശ്യത്തിന് സ്റ്റോക്കുമായി ആളുകളെ കാത്ത് ഇരുന്ന് വന്നവര്‍ക്ക് അരിയും മറ്റും കൊടുത്ത് കട അടച്ച് പോയതാണ് സലിം. പുലര്‍ച്ചെയായിരുന്നു ദുരന്തം. കടയിലെ രേഖകളും വസ്തുക്കളും യന്ത്രസാമഗ്രികളുമെല്ലാം പോയി. എങ്കിലും വെള്ളിയാഴ്ച അരിയും മറ്റ് സാധനങ്ങളും ഇ പോസ് സംവിധാനവും സര്‍ക്കാര്‍ എത്തിച്ചു. സലാം കടയും തുറന്നു. പക്ഷേ, രണ്ടാം ദിവസവും ആരും വന്നില്ല.
വീട്ടിലെ രണ്ട് കടമുറികളിലാണ് ഇപ്പോള്‍ കട. തൊട്ടുമുന്നില്‍ ദുരിതാശ്വാസത്തിന്റെ കണ്ട്രോള് റൂം. പട്ടാളക്കാരും മറ്റ് സുരക്ഷാ പ്രവര്‍ത്തകരും അവിടെയാണ് പ്രവര്‍ത്തനം കേന്ദ്രീകിച്ചിരിക്കുന്നത്.
ശരാശരി 900 ഇ പോസ് രജിസ്ട്രേഷന് നടക്കുമായിരുന്നു സലാമിന്റെ കടയില്‍. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള 600 വീട്ടുകാര്‍ റേഷന്‍ വാങ്ങിയിരുന്നത് സലാമിന്റെ കടയില്‍നിന്നായിരുന്നു. മുന്നൂറിലേറെപ്പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് കണക്ക്. അത്രതന്നെ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാനുണ്ട്, സലാം പറയുന്നു. ചൂരല്‍മല ടൗണ്‍ ഇനി ഉണ്ടാകുമോ? കണ്ടറിയണമെന്നാണ് പറച്ചില്.
അഞ്ചുവര്‍ഷം മുമ്പ് പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചത് 17 പേരാണ്. പക്ഷേ റേഷന്‍ കടയില്‍നിന്ന് പോയത് 150 കാര്‍ഡുകളാണ്. അതിന് അര്‍ത്ഥം അത്രയും കുടുംബങ്ങള്‍ സ്ഥലം മാറിയെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ഇനി ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് ആരും താമസിക്കാന്‍ സാധ്യതയില്ലെന്ന് സലാം പറയുന്നു. നാലുമക്കളും ഭാര്യയുമായാണ് സലാം ചൂരല്‍മലയിലെ വീട്ടില്‍ ഇപ്പോള്‍ കഴിയുന്നത്. ഉമ്മയും മറ്റു സഹോദരങ്ങളും ഏലവയിലാണ്. മുത്തച്ഛന്റെ കാലത്ത് മലബാറില്‍നിന്ന് കുടിയേറി വയനാട്ടില്‍ എത്തിയതാണ്.
റേഷന്‍ കടനടത്തിയിരുന്ന മനോജും സുരക്ഷിതനാണ്. സ്വന്തം ജീവന് രക്ഷപ്പെട്ടുകിട്ടിയെന്നത് സലാമിന് സമാധാനം. എന്നാല്‍ വേദന വലുതാണ്. ഇനി ജീവിതം എങ്ങനെ എന്നതോര്‍ത്തിട്ടുമാത്രമല്ല. എത്രയോ കാലം ഒരു വലിയ കൂട്ടുകുടുംബം പോലെ കഴിഞ്ഞതാണ് അത്രയും കാര്‍ഡുടമകളുമായി. അവര്‍ക്ക് ആവശ്യമായ അന്നം നല്കി, അതില്‍നിന്നുള്ള വരുമാനം കൊണ്ട് ഞങ്ങള്‍ അന്നം കഴിച്ചു. എല്ലാ മാസവും കൃത്യമായി തമ്മില്‍ കണ്ട്, ഒരു കുടുംബക്കാരെപ്പോലെയാണ് ഞങ്ങളൊക്കെ കഴിഞ്ഞത്. ഇനി അവരില്‍ എത്രപേരെ തമ്മില്‍ കാണാനാകും. ആരൊക്കെയുണ്ടാകും ജീവിതത്തിലേക്ക്. അവരില്‍ ആരൊക്കെ ശേഷിക്കും ചൂരല്‍മലയില്‍… അറിയില്ല, സലാമിന്റെ മനസിന് സ്വസ്ഥതയില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: