തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളില്‍ അറബിക് പഠനത്തിന് സൗദി അറേബ്യയുടെ പിന്തുണ നേടുന്നതിന് നീക്കം. പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആര്.ടി) ആണ് ഇതിനുളള നീക്കം നടത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിയമസഭാംഗങ്ങളും, ആസൂത്രണ ബോര്‍ഡ് പ്രതിനിധിയും അടങ്ങിയ എസ്.സി.ഇ.ആര്.ടി ഭരണ സമിതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് കൈമാറി.
നിര്‍ദ്ദേശം പരിശോധിച്ച സര്‍ക്കാര്‍ ന്യൂദല്‍ഹിയിലെ സൗദി എംബസിയുമായി അറബിക് പഠനത്തിന് പിന്തുണ എങ്ങനെ നല്‍കാമെന്ന് ചര്‍ച്ച ചെയ്യാന്‍ എസ്.സി.ഇ.ആര്.ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
അധ്യാപക പരിശീലനം സഹകരണത്തിന്റെ പ്രധാന ഘടകമായിരിക്കും. സൗദി അറേബ്യന്‍ സര്‍വകലാശാലകളില്‍ കേരളത്തിലെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടികള്‍, സൗദി അറേബ്യയിലെ വിദഗ്ധര്‍ കേരളത്തിലെ അധ്യാപകര്‍ക്കായി ഇവിടെ തന്നെ പരിശീലനം നല്കുന്ന സംവിധാനം ഉണ്ടാകും.സഹകരണം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചാല്‍, ഈ വര്‍ഷം തന്നെ നടപടികള്‍ ആരംഭിക്കാനാണ് പദ്ധതി.
കേരളത്തിലെ അറബിക് ഭാഷാ പഠനത്തിന് മികച്ച ഗുണനിലവാരവും ആഗോള പ്രാധാന്യവും ഉണ്ടാക്കുക. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ അറബിക് പഠന രീതി കൂടുതല്‍ ആധികാരികമാക്കു എന്നതാണ് സൗദി സഹകകരണം കൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് എസ്.സി.ഇ.ആര്.ടി പറയുന്നത്.
നിലവില്‍ കേരളത്തില്‍ പത്താം ക്ലാസില്‍ താഴെ 5,509 സ്കൂളുകളിലായി 9.32 ലക്ഷം വിദ്യാര്‍ത്ഥികള്‍ അറബിക് പഠിക്കുന്നു. അവര്‍ക്കായി 6,703 അധ്യാപകരുമുണ്ട്. ഹയര്‍സെക്കണ്ടറി തലത്തില്‍ അറബി പഠിക്കാന്‍ 3,000 വിദ്യാര്‍ത്ഥികളും പഠിപ്പിക്കാന്‍ 200 അധ്യാപകരുമുണ്ട്.
നിരവധി സംഘടനകള്‍ക്ക് വിദേശസാമ്പത്തീകസഹായം സ്വീകരിക്കുന്നതില്‍ നിയന്ത്രണം വന്നു പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ‘സൗദിയുടെ സഹായം’ വിവാദമാകും. അടിസ്ഥാന വിദ്യാഭ്യാസമേഖലയില്‍ കടുത്ത അസന്തുലിതാവസ്ഥയും വിവേചനവും ഉണ്ടാക്കും. കേരളത്തില്‍ അങ്ങോളമിങ്ങോളം മതസ്ഥാപനങ്ങളും അറബിക് കോളേജുകളും ഉണ്ടാക്കാന്‍ അറബിപ്പണം വിനിയോഗിക്കപ്പെടുന്നതില്‍ നിന്നും വ്യത്യസ്തമാണ്, സര്‍ക്കാര്‍ നേരിട്ട് അസന്തുലിതാവസ്ഥാസൃഷ്ടിക്ക് ചൂട്ടു പിടിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നത്.
ഭാരതീയര്‍ക്ക് മതപരിഗണനയ്ക്ക് അതീതമായി വളരെയേറെ തൊഴില്‍ മേഖലകള്‍ തുറന്നു കൊടുത്തിട്ടുണ്ട് എങ്കിലും സൗദി അറേബ്യയുടെയും മിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും ഭാരതത്തോടുള്ള നിലപാട് വിഭാഗീയവും മതാത്മക വേര്‍തിരിവോട് കൂടിയതും ആണ്. അവിടങ്ങളില്‍ നിന്നുള്ള സാമ്പത്തികപ്രവാഹം ഇന്ത്യയിലെ ഇസ്ലാമികമതസംഘടനകളിലേക്കും മതതാല്പര്യങ്ങള്ക്കും വേണ്ടി നിര്‍ലോഭം വരുന്നുണ്ട്. ഇതര വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സാമൂഹികസുരക്ഷയില്‍ ആശങ്കയും അരക്ഷിതബോധവും വളര്‍ത്താന്‍ അത് ഇടയാക്കിയിട്ടുണ്ട് എന്നതും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്.
ഇത്തരം വിഷയങ്ങള്‍ വിദേശരാജ്യവുമായി സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകുമോ എന്നതും പ്രശ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: