ദുബായ് : റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യുഎഇ രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ഐസിപി) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഈ അറിയിപ്പ് പ്രകാരം യുഎഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് 2024 സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കുന്നതാണ്. വിസ കാലാവധി ലംഘിച്ചിട്ടുള്ള ഇത്തരം വ്യക്തികൾക്ക്, ഈ കാലയളവിൽ തങ്ങളുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിനും, റെസിഡൻസി സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും, ആവശ്യമെങ്കിൽ പിഴ കൂടാതെ നിയമാനുസൃതമായി യുഎഇയിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
2024 സെപ്തംബർ 1 മുതൽ രണ്ട് മാസം വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ വിദേശികളുടെ യുഎഇയിലേക്കുള്ള പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമങ്ങളിൽ ലംഘനം വരുത്തിയിട്ടുള്ള വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കുന്നതാണ്.
പിഴയും, നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതിനും, നിയമലംഘകരെ ഒന്നുകിൽ അവരുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ അനുവദിക്കുന്നത് ഉൾപ്പെടെ, ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഐസിപി ഏറ്റെടുക്കുന്നതാണ്.
നിയമലംഘകർക്ക് അവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഒരു പുതിയ അവസരം നൽകുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഐസിപി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: