പാരിസ്: ഒളിംപിക്സില്‍ മൂന്നാം മെഡലിനരികെ ഭാരതത്തിന്റെ മനു ഭാകര്‍. ഇന്നലെ വനിതാ വിഭാഗം 25 മീറ്റര്‍ പിസ്റ്റളില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലില്‍ എത്തിയ മനു ഭാകര്‍ ചരിത്രനേട്ടത്തിനരികെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും സരബ്ജ്യോത് സിങ്ങിനൊപ്പം മിക്സഡ് ടീം ഇനത്തിലും മനു ഭാകര്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന ഫൈനലില്‍ മെഡല്‍ നേടിയാല്‍ അത് മറ്റൊരു ചരിത്രമാകും. ഒരു ഒളിംപിക്സില്‍ മൂന്ന് മെഡല്‍ നേടുന്ന ആദ്യ ഭാരത താരമെന്ന ബഹുമതി.
ഇന്നലെ നടന്ന 25 മീറ്റര്‍ പിസ്റ്റളിന്റെ ആവേശകരമായ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കര്‍ ഫൈനലിനു യോഗ്യത നേടിയത്. ഇതോടെ ഒളിംപിക്സില്‍ മത്സരിച്ച മൂന്ന് ഇനങ്ങളിലും ഫൈനലില്‍ ഇടംപിടിക്കുന്ന ആദ്യ ഭാരതതാരമെന്ന ബഹുമതിയും മനുവിന് സ്വന്തമായി. ഇതേയിനത്തില്‍ മത്സരിച്ച ഇഷാ സിങ് 18-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഫൈനല്‍ കാണാതെ മടങ്ങി.
ഇന്നലെ യോഗ്യതാ റൗണ്ടിലെ പ്രിസിഷനില്‍ 97, 98, 99 പോയിന്റുകളും (ആകെ 294) റാപിഡില്‍ 100, 98, 98 പോയിന്റുകളും (ആകെ 296) നേടിയാണ് മനു ഫൈനലിലേക്ക് കുതിച്ചത്. ഇരുവിഭാഗങ്ങളിലുമായി ആകെ 590 പോയിന്റുകളാണ് താരം വെടിവച്ചിട്ടത്. 592 പോയിന്റ് നേടിയ ഹംഗറിയുടെ വെറോണിക്ക മേയര്‍ 592 പോയിന്റുമായി നിലവിലെ ഒളിംപിക്സ് റിക്കോര്‍ഡോടെ യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തി. ഇറാന്റെ ഹനിയേ റോസ്റ്റാമിയാനാണ് 588 പോയിന്റുമായി യോഗ്യതാ റൗണ്ടില്‍ മനുവിന് പിന്നില്‍ മൂന്നാമതെത്തിയത്. യോഗ്യതാ റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ എട്ട് പേരാണ് ഇന്നത്തെ ഫൈനലില്‍ ഏറ്റുമുട്ടുക.
ഒറ്റ ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഭാരത താരം, ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത വനിതാ ഷൂട്ടിങ് താരം തുടങ്ങിയ നേട്ടങ്ങള്‍ നേരത്തെ സ്വന്തമാക്കിയ മനു ഒരു ഒളിംപിക്സില്‍ ഹാട്രിക്ക് മെഡലുകള്‍ നേടുന്ന ആദ്യ ഭാരത താരമായി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: