തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രൊഫ. സി.ജി. രാജഗോപാല്‍ 1958ല്‍ രചിച്ചതാണ് മലയാളത്തിലെ ആദ്യത്തെ ഗസല്‍. ശില്പി ഉള്‍പ്പെടെ പതിനാറ് കവിതകള്‍ അടങ്ങിയ നാദത്രയം എന്ന അദ്ദേഹത്തിന്റെ പുസ്തകം മലയാളം വിദ്വാന് കോഴ്സിനും മലയാളം ബിഎ കോഴ്സിനും പാഠപുസ്തകമായിരുന്നു. നാദത്രയം (കവിതാ സമാഹാരം), ഭരത ബൃഹദ് താരിക (വിവര്‍ത്തനം), ഭാരതീയ സംസ്കാരത്തിനു ജൈന മതത്തിന്റെ സംഭാവന (പഠനം), ഹിന്ദി- ഇംഗ്ലീഷ്-മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് മറ്റ് സംഭാവനകള്‍.
കഥകളി പ്രേമി കൂടിയായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ കഥകളി വിനോദ സംഘടനയായ ദൃശ്യവേദിയുടെ സ്ഥാപക പ്രസിഡന്റാണ്. തപസ്യകലാസാഹിത്യവേദി രക്ഷധികാരിയായും ഭാരതീയ വിചാരകേന്ദ്രത്തിന്റെ മാര്‍ഗദര്‍ശകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സംസ്കാര്‍ ഭാരതി ദേശീയ ഉപാധ്യക്ഷനും സമസ്ത കേരള സാഹിത്യ പരിഷത്ത് സമിതി അംഗവുമായിരുന്നു.
കുട്ടനാട് തലവടി നീരേറ്റുപുറം ചേരിയില്‍ സി.എസ്. ഗോപാല കൈമളിന്റെയും കെ. പാറുക്കുട്ടി അമ്മയുടെയും മകനായി 1932 ലാണ് രാജഗോപാല്‍ ജനിച്ചത്. യൂണിവേഴ്സിറ്റി കോളജില്‍നിന്നു ഒന്നാം റാങ്കോടെ ഹിന്ദിയില്‍ ബിരുദം നേടി. ലഖ്നൗവില്‍ നിന്നും സ്വര്‍ണമെഡലോടെയാണ് എംഎ പാസായത്. മടങ്ങിയെത്തി പാലാ സെ. തോമസ് കോളജില്‍ അധ്യാപകനായി. തുടര്‍ന്ന് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളില്‍ ഹിന്ദി അദ്ധ്യാപകനായി. തലശ്ശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചു. 1986ല്‍ തൃശ്ശൂര്‍ ഗവ. ആര്‍ട്സ് കോളജ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്. 1993 മുതല്‍ 1996 വരെ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതേതര ഭാരതീയ ഭാഷാ വകുപ്പിന്റെ ഡീനായി.
അഭേദകീര്‍ത്തി പുരസ്കാരം, ബാംഗ്ലൂര്‍ സത്യനാരായണ ഗോയങ്ക ഫൗണ്ടേഷന്റെ വിവര്‍ത്തന പുരസ്കാരം, തപസ്യ കലാ സാഹിത്യവേദിയുടെ തുറവൂര്‍ വിശ്വംഭരന് സ്മാരക അവാര്‍ഡ്, വള്ളത്തോള്‍ സാഹിത്യ സമിതിയുടെ പ്രത്യേക പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പ്രൊഫ. രാജഗോപാലിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് അനുശോചിച്ചു. വിദ്യാഭ്യാസ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേര് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: